ഗാന്ധിനഗര്‍: ഗുജറാത്തില്‍ റോഡിന് വീതി കൂട്ടാനെന്ന വ്യാജേന മുസ്‌ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും തകര്‍ത്ത് അധികൃതര്‍. അംദവാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. ഗുജറാത്തിലെ ഗോമതിപൂരിലാണ് സംഭവം.
രണ്ട് മതപരമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 160 കെട്ടിടങ്ങളാണ് കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റിയത്. ഇതില്‍ ഏകദേശം 45 എണ്ണം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. 115ഓളം കെട്ടിടങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമാണ്.
പൊളിക്കല്‍ നടപടിയെ തുടര്‍ന്ന് മേഖലയില്‍ താമസിക്കുന്ന ആളുകള്‍ പ്രതിസന്ധിലായി. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
അധികൃതര്‍ നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നതായും എന്നാല്‍ പുനരധിവാസത്തിനായി കുറച്ചധികം സമയം അനുവദിക്കണമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ബി.ബി.സി ഗുജറാത്താണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കോര്‍പ്പറേഷനോട് നാട്ടുകാര്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് അയച്ച് 15 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ നടപടിയുണ്ടായെന്നാണ് വിവരം. റമദാന്‍ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ വഴിയോരത്തായെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയിരിക്കുന്നത്. വീടുകളും സ്വന്തം ഉടമസ്ഥതയിലുള്ള മറ്റു കെട്ടിടങ്ങളും നഷ്ടപ്പെട്ടവര്‍ കോര്‍പ്പറേഷനോട് തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ബി.ബി.സിയോട് പറഞ്ഞു.
നേരത്തെ അഹമ്മദാബാദിലെ ഒധവിലും സമാനമായ സംഭവം നടന്നിരുന്നു. വികസനത്തിന്റെ പേര് പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിക്കുകയായിരുന്നു.
അതേസമയം സുപ്രീം കോടതിയുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രാജ്യത്ത് ബുള്‍ഡോസ് രാജ് തുടരുന്നത്. പൗരന്മാരുടെ വീടുകള്‍ പൊളിച്ചുമാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരാള്‍ കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ പോലും ആ വ്യക്തിയുടെ വീട് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയും നോട്ടീസ് നല്‍കിയ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ വീടുകള്‍ തകര്‍ക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന് കോടതിയോ ജഡ്ജിയോ ആകാന്‍ കഴിയില്ല. ഇത്തരത്തില്‍ വസ്തുവകകള്‍ പൊളിക്കുന്ന പൊതു ഉദ്യോഗസ്ഥര്‍ അതിന് ഉത്തരവാദികളായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight: Gujarat: Bulldozer action under pretext of road widening leaves locals helpless