മുബൈ: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയായ ശിവസേന.
പാലം അപകടത്തെ ദുരന്തം എന്നല്ല മറിച്ച് വഞ്ചന എന്നാണെന്നാണ് ശിവസേന പ്രതികരിച്ചത്. ശിവസേനാ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായ വിമര്‍ശനമുള്ളത്.
”നഷ്ടപ്പെട്ട ജീവനുകള്‍ ഇനി തിരിച്ചുവരുമോ? പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയെ കുറിച്ച് അന്വേഷിക്കണം.
എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തെ വഞ്ചനയെന്നാണോ ഗൂഢാലോചനയെന്നാണോ അതോ കേവലം അപകടമെന്നാണോ വിളിക്കേണ്ടത്.
പാലം നവീകരണം പൂര്‍ത്തിയായിരുന്നോ ഇല്ലയോ? പാലം എങ്ങനെ ഇത്രയും ഓവര്‍ലോഡ് ആയി. നിരവധി ചോദ്യങ്ങളുണ്ട്. ഓരോന്നിനും ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരം പറയണം.
പാലം നവീകരണം കൃത്യമായി നടന്നിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്,” എഡിറ്റോറിയലില്‍ പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1879ല്‍ മാച്ഛു നദിക്ക് കുറുകെ നിര്‍മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് അഞ്ച് ദിവസം മുമ്പ് മാത്രമാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്.
പാലം പുനര്‍നിര്‍മാണത്തിന് മുമ്പ് അധികൃതരില്‍ നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പല്‍ ബോഡി മേധാവി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ദുരന്തം മനുഷ്യ നിര്‍മിതമെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
അതേസമയം, പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 135 ആയെന്ന് ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. 170ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ചിലരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐ.പി.സി 304, 308, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ എസ്.ഐ.ടി (സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ധരടക്കം സംഘത്തിലുണ്ടാക്കും.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലം തകര്‍ന്ന് വീണപ്പോള്‍ ഏകദേശം 500 പേര്‍ പാലത്തിന് മുകളിലുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ദേശീയ ദുരന്തനിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
Content Highlight: Gujarat bridge tragedy should be termed as an Act Of Fraud, says Shiv Sena mouthpiece Saamana