| Friday, 8th May 2020, 6:56 pm

തൊഴിലാളികളില്‍നിന്നും ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിരട്ടി ഈടാക്കി; ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍-വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നും മടങ്ങാന്‍ ടിക്കറ്റ് ചാര്‍ജ്ജ് ആവശ്യപ്പെട്ട് അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. ടിക്കറ്റിന്റെ മൂന്നിരട്ടി പണം നല്‍കിയ തൊഴിലാളിയെയാണ് മര്‍ദ്ദിച്ചത്. സൂറത്തിലാണ് സംഭവം.

ടിക്കറ്റ് ചാര്‍ജ് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകന്‍ തൊഴിലാളിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശരല്‍ പട്ടേല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ടിക്കറ്റ് ഇനത്തില്‍ തങ്ങള്‍ 1.16 ലക്ഷം രൂപ നല്‍കിയിരുന്നെന്നും എന്നാല്‍, ടിക്കറ്റ് നല്‍കാനോ പണം മടക്കി നല്‍കാനോ ബി.ജെ.പി പ്രവര്‍ത്തകന്‍ തയ്യാറായില്ലെന്നും തൊഴിലാളികള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 2000 രൂപയാണ് ഇയാള്‍ ഒരു ടിക്കറ്റിന് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തങ്ങള്‍ ശ്രമിച്ചപ്പോള്‍ അയാളും സംഘവും ഞങ്ങളെ മരവടികള്‍കൊണ്ട് അടിക്കുകയാണ് ചെയ്തതെന്നും തൊഴിലാളികള്‍ പറയുന്നു.

രാജേഷ് ശര്‍മ്മ എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ‘ഏറ്റവുമധികം അടിച്ചത് രാജേഷ് ശര്‍മ്മയാണ്. വേദനകൊണ്ട് എന്റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ പണം കൊടുത്തതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. ഞങ്ങള്‍ ടിക്കറ്റ് എടുത്തതിന്റെ ടോക്കണുകള്‍ ഇവിടെയുണ്ട്. പക്ഷേ അയാള്‍ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കുന്നില്ല’, മര്‍ദ്ദനമേറ്റ തൊഴിലാളി പറഞ്ഞു.

പണം കൊടുത്ത ആളുകളുടെ പക്കല്‍ ടോക്കണുകളുണ്ട്, പക്ഷേ ടിക്കറ്റുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയും പറഞ്ഞു. ഞങ്ങള്‍ പണം നല്‍കിയതാണ്. ഞങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയേ തീരു. ഇവിടെ ഞങ്ങളെല്ലാവരും വലിയ പ്രതിസന്ധിയിലാണ്. ഇതല്ലാതെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് മറ്റു വഴികളൊന്നുമില്ല. ആ ടിക്കറ്റൊന്ന് തന്നാല്‍ മതി. ഞങ്ങള്‍ മടങ്ങിപ്പൊക്കോളും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ചെയ്തുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണെന്ന് ശരല്‍ പട്ടേല്‍ ആരോപിച്ചു. അതിഥി തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ മര്‍ദ്ദിക്കാനും അവരുടെ പക്കല്‍നിന്നും പണം തട്ടിയെടുക്കാനുമാണ് ബി.ജെ.പിക്കാര്‍ ശ്രമിക്കുന്നത്. ഇത് വലിയ അപമാനകരമാണെന്നും ശരല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more