ഗാന്ധിനഗര്‍: ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ ജന്മദിനം പൊലീസ് സ്റ്റേഷനില്‍ ആഘോഷിച്ച ഗുജറാത്ത് പൊലീസിനെതിരെ വ്യാപക പ്രതിഷേധം. അഹമ്മദാബാദിലെ ദരിയാപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ബി.ജെ.പി നേതാവ് ഹിമാന്‍ഷു ചൗഹാന്റെ ജന്മദിനമാണ് ആഘോഷിച്ചത്.
ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പൊലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ നടന്നത് ജന്മദിനാഘോഷ പരിപാടിയല്ലെന്നും രക്തദാന ദിന പരിപാടിയാണെന്നുമുള്ള ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി.
അഹമ്മദാബാദിലെ ഡി.സി.പി കാനന്‍ ദേശായിയും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബി.ജെ.പി നേതാവ് ഹിമാന്‍ഷു ചൗഹാന്‍ കേക്ക് മുറിക്കുമ്പോള്‍ ജന്മദിനാശംസകൾ നേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി നേതാവുമായ യോഗേഷ് ഗാഡ്വിയും പൊലീസിനൊപ്പം നില്‍ക്കുന്നത് കാണാം.
ജന്മദിനാഘോഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാന
സര്‍ക്കാര്‍ നിയമപാലകരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പൊലീസിനെ വിമര്‍ശിച്ച് കൊണ്ട് ഗുജറാത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ബി.ജെ.പി നേതാക്കള്‍ നിര്‍ബന്ധിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഗുജറാത്തിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സ്‌റ്റേഷനുകള്‍ ക്രമസമാധാനപാലനത്തിനാണോ അതോ ബി.ജെ.പിയുടെ പാര്‍ട്ടി ഹാളുകളാണോ എന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെ ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവായ അമിത് ചാവ്ദ തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിൽ വീഡിയോ ഷെയര്‍ ചെയ്തു. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂറും എക്‌സില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlight: Gujarat BJP leader’s birthday bash in police station draws flak