വഡോദര: ഗുജാറത്തില്‍ ബി.ജെ.പി കൗണ്‍സിലറെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി. മുന്നറിയിപ്പില്ലാതെ ചേരിയൊഴിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നാട്ടുകാര്‍ കൗണ്‍സിലറായ ഹഷ്മുഖ് പട്ടേലിനെ കെട്ടിയിട്ട് തല്ലിയത്. സംഭവവുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ഈ ജാമ്യം ദിലീപിന് നിരുപാധികം ജാമ്യം കിട്ടാതിരിക്കാന്‍: അഡ്വ. അജകുമാര്‍
വഡോദരയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലറാണ് നാട്ടുകാരുടെ കയ്യേറ്റത്തിനിരയായ ഹഷ്മുഖ് പട്ടേല്‍. ഇന്നു രാവിലെയോടെയായിരുന്നു പട്ടേലിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ചേരിയിലെ വീടുകള്‍ നഗരസഭ ഒഴിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭയിലെത്തുകയായിരുന്നു.
ഒരു നോട്ടീസ് വരെ നല്‍കാതെയായിരുന്നു നഗരസഭയുടെ നടപടിയെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണറോട് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍ക്ക് നോട്ടീസ് നേരത്തെ നല്‍കിയിരുന്നെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ കൗണ്‍സിലറായ പട്ടേലിനെ കൈയ്യേറ്റം ചെയ്തത്.
കൗണ്‍സിലറെ മരത്തില്‍ കെട്ടിയിട്ട ഇവര്‍ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു എന്നാല്‍ തനിക്ക് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നാണ് ഹഷ്മുഖ് പട്ടേല്‍ പറയുന്നത്. ഇത് വകവയ്ക്കാതെയാണ് നാട്ടുകാരുടെ മര്‍ദ്ദനം.
നിയമവിരുദ്ധമായി നിര്‍മ്മിച്ചവയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതര്‍ വീടുകള്‍ പൊളിച്ച് നീക്കിയത്.