ഗുജറാത്തില്‍ കലിതുള്ളി ബി.ജെ.പി; 27 സീറ്റ് കിട്ടിയാലും ആം ആദ്മിക്ക് കെട്ടിവെച്ച കാശ് പോയില്ലേ എന്ന് സ്വയംആശ്വസിച്ച് ബി.ജെ.പി അധ്യക്ഷന്‍
national news
ഗുജറാത്തില്‍ കലിതുള്ളി ബി.ജെ.പി; 27 സീറ്റ് കിട്ടിയാലും ആം ആദ്മിക്ക് കെട്ടിവെച്ച കാശ് പോയില്ലേ എന്ന് സ്വയംആശ്വസിച്ച് ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th February 2021, 1:31 pm

ന്യൂദല്‍ഹി: ഗുജറാത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ ആം ആദ്മി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിമര്‍ശനവും പരിഹാസവുമായി ഗുജറാത്ത് ബ.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍.

സൂറത്തില്‍ 27 സീറ്റ് കീട്ടിയാലും ബാക്കി പല സ്ഥലങ്ങളിലും ആം ആദ്മിയുടെ നേതാക്കള്‍ക്ക് കെട്ടിവെച്ച കാശ് പോയില്ലേ എന്നാണ് പാട്ടീലിന്റെ പരിഹാസം.

ഗുജറാത്തിലെ ജനങ്ങള്‍ ആം ആദ്മിയുടെ വിജയം ആഘോഷിക്കുകയാണ്. സൂറത്തിലെ ജനങ്ങള്‍ ഇന്ന് ആഘോഷിക്കുകയാണ്. ഗുജറാത്തിലെ എല്ലാവരും ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് എന്നൊക്കെയാണ് കെജ്‌രിവാള്‍ പറയുന്നത്. പക്ഷേ ആളുകളുടെ കഴിവിനെ കുറച്ചുകാണരുത്, പാട്ടീല്‍ പറഞ്ഞു. കെട്ടിവെച്ച കാശ് പോയ കാര്യം കെജ്‌രിവാള്‍ മറച്ചുപിടിക്കുകയാണെന്നും പാട്ടീല്‍ ആരോപിച്ചു.

അതേസമയം, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ 27 സീറ്റ് നേടിയത് ആം ആദ്മി പാര്‍ട്ടിക്ക് വലിയരീതിയിലുള്ള ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്താന്‍ കഴിയുമെന്നാണ് ആം ആദ്മി കരുതുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ ആം ആദ്മി നടത്തിയ റാലികളില്‍ വലിയതോതിലാണ് ജനങ്ങള്‍ പങ്കെടുത്തത്. റാലികളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സൂറത്തില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ ഗുജറാത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്’ എന്ന ക്യാപ്ഷനോടെയാണ് കെജ്രിവാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ആം ആദ്മി പാര്‍ട്ടിയുടെ വിജയം ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പരിഭ്രാന്തരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights:Gujarat BJP Chief Fields Stats to Give AAP ‘Reality Check’ on Surat Victory. Kejriwal Retorts