| Wednesday, 14th September 2011, 11:03 am

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: ഇന്ത്യന്‍ വികസനത്തിന് മികച്ച സംഭാവന നല്‍കിയ സംസ്ഥാനമാണ് ഗുജറാത്തെന്ന് യു.എസ്. ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടിലാണ് ഗുജറാത്തിന്റെ വികസനത്തെയും മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും പുകഴ്ത്തി പരാമര്‍ശമുള്ളത്.

നരേന്ദ്രമോഡിയുടെ കീഴിലുള്ള ഗുജറാത്താണ് ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ പ്രധാനമായും നയിക്കുന്നതെന്നാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുജറാത്ത് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് ഇന്ത്യയുടെ പുരോഗതിയില്‍ പ്രധാന പങ്കാളി.

“ഇന്ത്യയില്‍ ഏറ്റവും നല്ല ഭരണവും വികസനവും കാണുന്നത് ഗുജറാത്തിലാണ്. സാമ്പത്തിക പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചുവപ്പുനാട ഒഴിവാക്കുകയും, അഴിമതി ഇല്ലാതാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനങ്ങളാണ് ദേശീയ സാമ്പത്തികവളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നത്.”- സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് സി.ആര്‍.എസ്. യു.എസ് നിയമനിര്‍മാതാക്കള്‍ക്കുവേണ്ടി വര്‍ഷാവര്‍ഷം ഇവര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കാറുണ്ട്. സെപ്റ്റംബര്‍ 1നാണ് 96 പേജുള്ള ഈ റിപ്പോര്‍ട്ട് സി.ആര്‍.എസ് യു.എസ് നിയമനിര്‍മാതാക്കള്‍ക്ക് സമര്‍പ്പിച്ചത്. അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഫെഡറേഷന്‍ ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി പരസ്യമാക്കുകയായിരുന്നു.

“2002ലെ കലാപവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നിലനില്‍ക്കുന്ന അശുദ്ധി ഇല്ലാതാക്കാനായി ഗുജറാത്തില്‍ നൂതന റോഡുകള്‍ക്കും, ഊര്‍ജ്ജപദ്ധതികള്‍ക്കും വേണ്ടി വിദേശത്തുനിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചു. അതുവഴി 11%ത്തിലധികം വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ അവര്‍ നേടിയത്. പ്രധാന അന്താരാഷ്ട്ര നിക്ഷേപകരായ ജനറല്‍ മോട്ടോഴ്‌സ്, മിറ്റ്‌സുബിഷി, തുടങ്ങിയവയെ ഗുജറാത്തിലേക്ക് ആകര്‍ഷിക്കാന്‍ മോഡിക്ക് കഴിഞ്ഞു. ഇന്ത്യന്‍കയറ്റുമതിയുടെ അഞ്ചിലൊന്നിലധികവും ഗുജറാത്തില്‍ നിന്നാണ്.”

“2011ലെ മറ്റൊരു പോസിറ്റീവായ നീക്കമുണ്ടായത് ഇന്ത്യയിലെ ദരിദ്ര്യ സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ നിന്നാണ്. ജാതിരാഷ്ട്രീയത്തിലധിഷ്ഠിതമായ ഭരണത്തിന് ഊന്നല്‍ നല്‍കി വിജയം കൈവരിച്ച് മുഖ്യമന്ത്രി നിതീഷ്‌കുമാറിലൂടെ ബീഹാറും ദേശീയ ശ്രദ്ധനേടി. ബീഹാറില്‍ സമാധാനം നിലനിര്‍ത്തിയതില്‍ അദ്ദേഹത്തിന് വലിയൊരു പങ്കുണ്ട്. ഇതിനു പുറമേ വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനും, വിദ്യാഭ്യാസ പുരോഗതിക്കും അദ്ദേഹം ഏറെ പ്രധാന്യം നല്‍കി.”

“മോഡിയുടേയും നിതീഷ്‌കുമാറിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനും റോഡ് വികസനത്തിനും മായാവതി കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്.” സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

മല്ലികാ സാരാഭായിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

We use cookies to give you the best possible experience. Learn more