അഹമ്മദാബാദ്: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് ഗുജറാത്തിലെ എം.എസ് സര്‍വകലാശാല നടപടിയെടുത്ത വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയില്‍ തിരിച്ചുകയറ്റരുതെന്ന് ബി.ജെ.പി നേതാവും സര്‍വകലാശാല സെനറ്റ് അംഗവുമായ ഹഷ്മുഖ് വഗേല.
“വിദ്യാര്‍ത്ഥികളെ കുറിച്ച് എനിക്ക് ധാരണയുണ്ട്. അത് കൊണ്ടാണ് ഞാനിത് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിസ്റ്റ് ചായ്‌വുണ്ട്. കമ്മ്യൂണിസ്റ്റുകാരെ മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എം.എസ് സര്‍വകലാശാലയിലേക്ക് അവരെ കയറ്റരുത്. ഗുജറാത്തില്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടായിരുന്നില്ല. ഇനിയൊരിക്കലും ഉണ്ടാവരുത്. അവര്‍ ഗുജറാത്തിനെ തകര്‍ക്കും.” വഗേല പറഞ്ഞു.
റൊമേല സുതാറിയ, മനീഷ സൊളങ്കി എന്നീ വിദ്യാര്‍ത്ഥികളെയായിരുന്നു സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി.
അതേ സമയം ബി.ജെ.പി നേതാവിന്റെ പ്രസ്താവനയെ സര്‍വകലാശാല രജിസ്ട്രാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. അഡ്മിഷന്‍ ഫോമില്‍ വിദ്യാര്‍ത്ഥികളുടെ മതം പോലും ചോദിക്കാറില്ലെന്നും രാഷ്ട്രീയ നിലപാട് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യമാണെന്നും രജിസ്ട്രാര്‍ നീരജ ജെയ്‌സവാള്‍ പറഞ്ഞു.