Advertisement
India
'ഇവിടെ ഒരു പത്മാവതിയും അനുവദിക്കില്ല'; ബന്‍സാലി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 22, 05:25 pm
Wednesday, 22nd November 2017, 10:55 pm

ഭോപ്പാല്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം “പത്മാവതി” ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി. സംഘപരിവാര്‍ സംഘടനകളും വിവിധ സര്‍ക്കാരുകളും ചിത്രത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഇവിടെ ഒരു പത്മാവതിയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇവിടെ ഒരു പത്മാവതിയും അനുവദിക്കില്ല. ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നും അനുവദിക്കില്ല”, വിജയ് രൂപാനി പറഞ്ഞു.


Also Read: പാഠപുസ്തകത്തില്‍ ഇനി റാണി പദ്മിനിയുടെ കഥയും, തീരുമാനം മധ്യപ്രദേശ് സര്‍ക്കാരിന്റേത്


തെരഞ്ഞെടുപ്പ അടുത്തിരിക്കെയാണ് ചിത്രത്തിനു പ്രദര്‍ശനം നിഷേധിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. ഡിസംബര്‍ ഒന്നിനു റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് വിവാദങ്ങളെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
രജപുത് കര്‍ണി സേനയാണ് ചിത്രത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതോടെ ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെല്ലാം സിനിമയുടെ പ്രദര്‍ശനം വിലക്കിയിരുന്നു.

നേരത്തെ ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങും പറഞ്ഞിരുന്നു. പത്മാവതിയുടെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും ബോര്‍ഡിന്റെ പരിഗണനയിലുള്ള കാര്യത്തില്‍ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.