| Sunday, 27th October 2024, 5:10 pm

പാകിസ്ഥാൻ ചാരനുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചു; ഐ.സി.ജി തൊഴിലാളി അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗർ: ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ഐ.സി.ജി) കപ്പലുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജൻ്റുമായി പങ്കുവെച്ചതിന് പോർബന്തർ നഗരവാസിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പോർബന്തർ നഗരവാസിയായ പങ്കജ് കോട്ടിയ ആണ് അറസ്റ്റിലായത്.

മുംബൈയിൽ നിന്നുള്ള സ്ത്രീയായ ‘റിയ’ എന്ന പേരിലാണ് പാകിസ്ഥാൻ ഏജൻ്റ് പങ്കജുമായി അടുപ്പം സ്ഥാപിച്ചത്. എട്ട് മാസത്തോളമായി പങ്കജുമായി ഫേസ്ബുക്കിൽ ഏജന്റ്‌ ഇടപഴകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പങ്കജിന്റെ വിശ്വാസം നേടാൻ റിയ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പറഞ്ഞു.

പോർബന്തറിലെ ഐ.സി.ജി ജെട്ടിയിൽ തൊഴിലാളിയായി ജോലി ചെയ്യുന്ന പങ്കജ് വാട്‌സ്ആപ്പ് വഴി പാകിസ്ഥാൻ ആസ്ഥാനമായുള്ള നമ്പറിലേക്ക് കപ്പലുകളെക്കുറിച്ചും അവയുടെ സ്ഥാനങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. ഇത്തരം വ്യക്തിഗത വിവരങ്ങൾക്ക് നൽകിയതിന് പകരമായി യുവതി യു.പി.ഐ ഇടപാടുകൾ വഴി 26,000 രൂപ അയച്ചതായി എ.ടി.എസ് പൊലീസ് സൂപ്രണ്ട് കെ. സിദ്ധാർത്ഥ് പറഞ്ഞു.

പങ്കജ് കോട്ടിയ എന്ന വ്യക്തി പോർബന്തറിൽ നിന്ന് പാകിസ്ഥാനിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ‘റിയ’ ഫാക്ട് അക്കൗണ്ടുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. ഇത് ഒരു പാകിസ്ഥാൻ ചാരനാണ്. കോസ്റ്റ് ഗാർഡിൻ്റെ കപ്പലുകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ അദ്ദേഹം കൈമാറാറുണ്ടായിരുന്നു. 11 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 26,000 രൂപയാണ് ഇയാൾക്ക് ലഭിച്ചത്.

ഇന്ത്യാ ഗവൺമെൻ്റിനെതിരായ കേസാണിത്, ബിഎൻഎസ് 61, 148 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇതൊരു ഹണി ട്രാപ്പിൻ്റെ കേസല്ല, പണ ലാഭത്തിന് വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തത്. ഒരു പാകിസ്ഥാൻ നാവികസേനാ ഉദ്യോഗസ്ഥനാണ് താൻ വിവരം നൽകുന്നതെന്ന് അയാൾക്ക് അറിയാമായിരുന്നു,” എ.ടി.എസ് എസ്.പി എ.എൻ.ഐയോട് പറഞ്ഞു.

Content Highlight: Gujarat ATS arrests man for sharing sensitive info with Pakistani spy

Latest Stories

We use cookies to give you the best possible experience. Learn more