അഹമ്മദാബാദ്: സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാനുള്ള പുതിയ നിയമം പാസാക്കി ഗുജറാത്ത് നിയമസഭ. വെള്ളിയാഴ്ചയാണ് നഗരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതിന് നിയമസഭ ബില്‍ പാസാക്കിയത്.
ഗുജറാത്തിലെ എട്ട് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ഗാന്ധിനഗര്‍, ജാംനഗര്‍, ഭാവ്നഗര്‍, ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 162 മുനിസിപ്പാലിറ്റികളിലുമാണ് നിയമം നടപ്പാക്കുക.
ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നിയമസഭയില്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. കന്നുകാലികള്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാണെന്നും അതുകൊണ്ടുതന്നെ നിയന്ത്രിക്കണമെന്നും ബില്ലില്‍ പരാമര്‍ശിക്കുന്നു.
അതേസമയം, കാലികളെ വളര്‍ത്തുന്ന വിഭാഗമായ മാല്‍ധാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. നിയമം നടപ്പാക്കുന്നതിന് മുമ്പ് കന്നുകാലികളെ പരിപാലിക്കുന്നതിന് മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.