| Thursday, 14th December 2017, 9:50 am

ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇ.വി.എം തകരാറിലായി; വഡോദരയില്‍ മൂന്ന് ഇടങ്ങളില്‍ ഇ.വി.എം മാറ്റിനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇ.വി.എം തകരാറിലായി. വഡോദരയിലാണ് വോട്ടെടുപ്പ് തുടങ്ങി ഏതാനും മണിക്കൂര്‍ പിന്നിടും മുന്‍പ് വോട്ടിങ് മെഷീന്‍ തകരാറിലായത്.

വഡോദര സിറ്റി അസംബ്ലി മണ്ഡലത്തിലായിരുന്നു ഇ.വി.എം പ്രവര്‍ത്തിക്കാതിരുന്നത്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിക്കുകയായിരുന്നു.

വടക്കന്‍, മധ്യ ഗുജറാത്തില്‍ പതിനാലു ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക.851 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിങ് ബൂത്തില്‍ രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേല്‍, ഉഷാ പട്ടേല്‍ തുടങ്ങിയവരും രാവിലെതന്നെ വോട്ട് ചെയ്തു.

പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലും മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഖാന്‍പുരിലും കേന്ദ്ര ധനമന്തി അരുണ്‍ ജയ്റ്റ്‌ലി വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ഖേഡ ജില്ലയിലെ ബൊര്‍സാദിലും ഇന്നു വോട്ടു രേഖപ്പെടുത്തും.

അതേസമയം തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഗുജറാത്തി വാര്‍ത്ത ചാനലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് അയച്ചിരിക്കുന്നത്. ഈമാസം 18 ന് വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more