അഹമ്മഹാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിനും, രണ്ടാം ഘട്ടം ഡിസംബര്‍ ആഞ്ചിനുമാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ് നടക്കുക. ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 കന്നിവോട്ടര്‍മാരുമുണ്ട്.
ഡിസംബര്‍ ഒന്നിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, ഡിസംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.
1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത്. ഏത് വിധേനയും ഇത്തവണയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ ബി.ജെ.പിയും 77 സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ മറ്റു കക്ഷികളുമാണ് നേടിയത്. 2023 ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയസഭയുടെ കാലാവധി.
അതേസമയം, വരുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് പരസ്യങ്ങള്‍ ഉപയോഗിച്ച് കോലാഹലമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. താഴെ തട്ടില്‍ അവര്‍ക്ക് യാതൊരു പിന്തുണയുമില്ല. സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികവോടെ മത്സരിക്കും. ആം ആദ്മി പാര്‍ട്ടി മുകള്‍തട്ടില്‍ മാത്രമേയുള്ളൂ. താഴെതട്ടിലില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്,’ എന്നാണ് രാഹുല്‍ പറഞ്ഞത്.
അതിനിടെ, ഗുജറാത്ത് പിടിക്കാന്‍ പയറ്റി വിജയിച്ച തന്ത്രവുമായി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് കെജ്‌രിവാള്‍ പൊതുജനാഭിപ്രായം തേടിയത്. ഇതിന്റെ ഭാഗമായുള്ള ‘ചൂസ് യുവര്‍ ചീഫ് മിനിസ്റ്റര്‍'(Choose Your Chief Minister) ക്യാമ്പെയ്‌ന് കെജ്രിവാള്‍ തുടക്കം കുറിച്ചിരുന്നു.