ഗുജറാത്ത് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്; നിലവില്‍ ഒരു ശതമാനം മാത്രം
India
ഗുജറാത്ത് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്; നിലവില്‍ ഒരു ശതമാനം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2017, 6:44 pm

 

അഹമ്മദാബാദ്: കഴിഞ്ഞ മൂന്നു ദശകത്തിനിടെ ഗുജറാത്ത് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം ഒരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. 1980ല്‍ മുസ്‌ലിം പ്രാതിനിധ്യം 9 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 1 ശതമാനം മാത്രമേയുള്ളൂവെന്ന് ഫസ്റ്റ് പോസ്റ്റ് മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

2012ലെ തെരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയിലേക്ക് 2 മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തില്‍ 10 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. 18 സീറ്റുകളിലെങ്കിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും മുസ് ലിം സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Read more:   സവര്‍ക്കറെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘികളേ ചരിത്രത്തില്‍ കൈവെക്കല്ലേ.. കൈ പൊള്ളും


1980ല്‍ 17 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ 12 പേര്‍ നിയമസഭയിലെത്തിയിരുന്നു. സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ എം.പിമാര്‍ മുസ്‌ലിംങ്ങളായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന 2012 ലെ തെരഞ്ഞെടുപ്പില്‍ 5 മുസ്‌ലിം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 2 പേരാണ് ജയിച്ചത്.

നിലവില്‍ സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ മാത്രമാണ് ഗുജറാത്തില്‍ നിന്നുള്ള ഏക മുസ്‌ലിം എം.പി. ഈയടുത്ത് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലായിരുന്നു പട്ടേലിന്റെ വിജയം. ലോക്‌സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് മുസ്‌ലിം പ്രാതിനിധ്യമില്ല.

ഗുജറാത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ആപത്കരമായ വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഫലമായാണ് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം ഒരു ശതമാനമായി കുറഞ്ഞതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

1980-17 സ്ഥാനാര്‍ത്ഥികള്‍- 12 പേര്‍ ജയിച്ചു

1985- 11 സ്ഥാനാര്‍ത്ഥികള്‍- 8 പേര്‍ ജയിച്ചു

1990-11 സ്ഥാനാര്‍ത്ഥികള്‍-2 പേര്‍ ജയിച്ചു

1995- 1 സ്ഥാനാര്‍ത്ഥി മാത്രം മത്സരിച്ചു, ജയിച്ചു

1998- 9 സ്ഥാനാര്‍ത്ഥികള്‍ നിന്നു (ഒരാള്‍ ബി.ജെ.പിക്ക് വേണ്ടി നിന്ന് പരാജയപ്പെട്ടു) 5 പേര്‍ ജയിച്ചു

2002-5 സ്ഥാനാര്‍ത്ഥികള്‍- 3 പേര്‍ ജയിച്ചു

2007-6 സ്ഥാനാര്‍ത്ഥികള്‍ നിന്നു 5 പേര്‍ ജയിച്ചു

2012- 5 സ്ഥനാര്‍ത്ഥികള്‍- 2 പേര്‍ ജയിച്ചു