അഹമ്മദാബാദ്: കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ ഗുജറാത്തിലെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തികമായി വികസിതമെന്ന് പറയപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത് പട്ടിണിക്കെതിരെ പോരാടുന്നതിലും കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് മെച്ചപ്പെടുത്തുന്നതിലും പിന്നിൽ. ഗുജറാത്തിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 40 ശതമാനം പേരും ഭാരക്കുറവുള്ളവരെന്ന് നീതി ആയോഗ് പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു.
ഈ മാസം ആദ്യ വാരം പുറത്ത് വന്ന തിങ് ടാങ്കിന്റെ എസ്.ഡി.ജി (സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ്) റിപ്പോർട്ട് പ്രകാരം ഹങ്കർ ഇൻഡക്സിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഇരുപത്തിയഞ്ചാം സ്ഥാനത്താണ്.
2015 ൽ ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച സുസ്ഥിര വികസനലക്ഷ്യങ്ങളിൽ രണ്ടാമത്തെ ലക്ഷ്യം പട്ടിണി പൂർണമായും ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. എസ്.ഡി.ജി 2 സൂചികയിൽ 41 പോയിന്റ് മാത്രമാണ് ഗുജറാത്ത് നേടിയത്. ഒഡീഷ, മധ്യപ്രദേശ്, മറ്റ് 23 സംസ്ഥാനങ്ങൾക്ക് പിന്നിലാണ് നിലവിൽ ഗുജറാത്തിന്റെ സ്ഥാനം.
ഗുജറാത്തിൻ്റെ എസ്.ഡി.ജി -2 സൂചിക 2020-21-ൽ 46-ൽ നിന്ന് 2023-24-ൽ 41-ലേക്ക് താഴ്ന്നിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 40
ശതമാനം ഭാരക്കുറവുള്ളവരും സംസ്ഥാനത്തെ 15 -49 വയസ് പ്രായമുള്ള ഗർഭിണികളിൽ 62.5% പേർക്കും വിളർച്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതേ പ്രായത്തിലുള്ള 25 .2 ശതമാനം സ്ത്രീകൾക്ക് ബോഡി മാസ് ഇൻഡക്സ് 18 .5 ൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 39 ശതമാനം കുട്ടികളിൽ വളർച്ച മുരടിപ്പ് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.
2023-ലെ ഗ്ലോബൽ മൾട്ടിഡൈമെൻഷണൽ പോവെർട്ടി ഇൻഡക്സ് (ഐ.പി.ഐ) റിപ്പോർട്ട് വെളിവാക്കുന്നത് ഗുജറാത്തിലെ ഗ്രാമീണ ജനസംഖ്യയുടെ പകുതിയോളം പേർക്ക് പോഷകാഹാരം വേണ്ടവിധം ലഭിക്കുന്നില്ലെന്നാണ്. (44.45 ശതമാനം) നഗരപ്രദേശങ്ങളിൽ ഇത് 28.97 ശതമാനം പേർക്കാണ്.
നിതി ആയോഗ് വെബ്‌സൈറ്റിൽ ലഭ്യമായ സർവേ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇൻ്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IFPRI) നടത്തിയ ജില്ലാതല എസ്റ്റിമേറ്റ് കാണിക്കുന്നത് പോഷകാഹാരക്കുറവ് സൂചകങ്ങളിൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ദാഹോദ്, ബനസ്കന്ത സൂറത്ത് ,പഞ്ച് മഹലുകൾ തുടങ്ങിയ വലിയ നഗരങ്ങളും ഉൾപ്പെടുന്നുണ്ട് എന്നാണ്. ഗോത്രവർഗ്ഗ വിഭാഗത്തിലും ദരിദ്രർക്കിടയിലും പോഷകാഹാരക്കുറവ് വ്യാപകമാണെന്നും ഈ റിപ്പോർട്ട് കാണിക്കുന്നു.
Content Highlight: Gujarat Among Worst Performers on Fighting Hunger, 40% Children Under-5 Underweight: NITI Aayog