|

കാവലന്‍ സിനിമയില്‍ മാലയ്ക്ക് അകത്തുകൂടെ ഞാന്‍ പോകുന്ന സീന്‍ എടുക്കുന്നത് കണ്ട് വിജയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല: ഗിന്നസ് പക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബോഡി ഗാര്‍ഡ്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ കാവലന്‍ എന്ന പേരിലും ഹിന്ദിയില്‍ ബോഡിഗാര്‍ഡ് എന്ന പേരില്‍ തന്നെയും സിദ്ദിഖ് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. എല്ലാ ഭാഷയിലും ചിത്രം വന്‍ വിജയമായിരുന്നു.

കാവലന്‍ എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച വേഷം വിജയ് ആയിരുന്നു ചെയ്തത്. ഗിന്നസ് പക്രുവും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വിജയിയോടൊപ്പം കാവലനില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. വിജയ് ആണ് തന്നെ കാവലന്‍ എന്ന സിനിമയിലേക്ക് വിളിച്ചതെന്നും ആദ്യ ദിവസം ലൊക്കേഷനിലേക്ക് ചെന്നപ്പോള്‍ വിജയ് കെട്ടിപ്പിടിച്ചെന്നും ഗിന്നസ് പക്രു പറയുന്നു.

എത്ര തിരക്കായാലും സെറ്റില്‍ കാണാന്‍ എത്തുന്നവരോട് വിജയ് കാണിക്കുന്ന പെരുമാറ്റവും സമീപനവും വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ടെന്നും ചുരുങ്ങിയ സമയം കൊണ്ട് ഇരുവരും അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയെന്നും അദ്ദേഹം പറയുന്നു. കാവലനില്‍ താന്‍ വലിയ മാലയ്ക്ക് അകത്തുകൂടെ കടന്നുപോകുന്ന സീനാണ് ആദ്യം ചിത്രീകരിച്ചതെന്നും അത് കണ്ട് വിജയ്ക്ക് ചിരിയടക്കാന്‍ കഴിയാതെ റീടേക്ക് പോയെന്നും ഗിന്നസ് പക്രു കൂട്ടിച്ചേര്‍ത്തു.

‘ബോഡി ഗാര്‍ഡ് സിനിമ ‘കാവലന്‍’ എന്ന പേരില്‍ തമിഴിലേക്ക് റീമേക്കിന് ഒരുങ്ങിയപ്പോള്‍ വിജയ് ആണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. കാവലനിലെ കോളേജ് സീനുകളിലാണ് എനിക്ക് അഭിനയിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ അമേരിക്കന്‍ യാത്രയിലായിരുന്നു. അതുകൊണ്ടുതന്നെ അവരെന്നെ കാത്തിരുന്നു.

വെല്ലൂരിലെ കോളേജില്‍ വെച്ചാണ് വിജയ് സാറിനെ ആദ്യമായി കാണുന്നത്. കോളേജ് ക്യാമ്പസായതിനാല്‍ ചുറ്റും ആരാധകരുടെ ആര്‍പ്പുവിളികള്‍. എന്നെ കണ്ടപ്പോള്‍തന്നെ വിജയ് സാര്‍ ഓടി അടുത്തുവന്ന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് ‘ഉങ്കള്‍ക്കാകെ വെയ്റ്റ് പണ്ണിയിരുക്കേ’ എന്നുപറഞ്ഞ് ചേര്‍ത്തുപിടിച്ചു. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.

അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. എത്ര തിരക്കായാലും സെറ്റില്‍ കാണാന്‍ എത്തുന്നവരോട് കാണിക്കുന്ന പെരുമാറ്റവും സമീപനവും വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. വലിയ മാലയ്ക്ക് അകത്തുകൂടെ ഞാന്‍ കടന്നുപോകുന്ന സീനാണ് ആദ്യം ചിത്രീകരിച്ചത്. അതുകണ്ട് അദ്ദേഹത്തിന് ചിരിയടക്കാന്‍ കഴിയാതെ റീടേക്കിലേക്ക് പോകേണ്ടിവന്നതോര്‍മയുണ്ട്.

കുറച്ച് സമയംകൊണ്ടുതന്നെ ഞങ്ങള്‍ വലിയ ചങ്ങാതിമാരായി. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കാരവാനിലേക്ക് കയറിപ്പോകാതെ കോളേജിലെ ബെഞ്ചിലിരുന്ന് അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. എന്റെ കലാപ്രവര്‍ത്തനങ്ങള്‍, സിനിമയിലേക്കുള്ള വരവ്, ഇങ്ങനെയായതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍, എന്നിവയെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു,’ ഗിന്നസ് പക്രു പറയുന്നു.

Content Highlight: Guinness Pakru talks about Vijay

Video Stories