മലയാളത്തിന്റെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു എന്ന പേരില്‍ അറിയപ്പെടുന്ന അജയകുമാര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് അജയകുമാറിന്റെ പേരിലുണ്ട്.
ആദ്യമായി ഗിന്നസ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് ആദ്യമായി കിട്ടിയപ്പോഴുള്ള ഓര്‍മ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. ആദ്യമായി സര്‍ട്ടിഫിക്കറ്റ് വരുന്നത് ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിലേക്കായിരുന്നെന്നും അവിടെ വെച്ച് മമ്മൂട്ടിയാണ് ഓപ്പണ്‍ ചെയ്തതെന്നും പക്രു പറയുന്നു.
വലിയ പരിപാടിയായി ഇത് നടത്തണമെന്ന് മമ്മൂട്ടി പറഞ്ഞെന്നും എന്നാല്‍ തന്റെ നിര്‍ബന്ധപ്രകാരം സെറ്റില്‍ തന്നെ അതിനുള്ള സൗകര്യം ഉണ്ടാക്കി മമ്മൂട്ടി ഓപ്പണ്‍ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനി പ്ലസ് എന്റര്‍ടൈന്‍മെന്റിസില്‍ സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.
‘പട്ടണത്തില്‍ ഭൂതം എന്ന സിനിമ ചെയ്യുന്ന സമയത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് വരുന്നത് ആ സിനിമയുടെ ലൊക്കേഷനിലേക്കാണ്. ഈ കൊറിയര്‍ ആദ്യമായി പൊട്ടിച്ച് ഓപ്പണ്‍ ചെയ്ത് നോക്കുന്നത് മമ്മൂക്കയാണ്. എന്റെ ആഗ്രഹപ്രകാരമാണ് ഇക്ക അത് ചെയ്തത്. ഇക്ക പറഞ്ഞ വാക്ക് ഞാന്‍ ഇപ്പോഴും ഓര്‍കുന്നുണ്ട്.
‘എടാ ഇത് ചെറിയ കാര്യമൊന്നും അല്ല. വലിയ കാര്യമാണ്. ഇത് ഇങ്ങനെ ഓപ്പണ്‍ ചെയ്യണ്ടതൊന്നും അല്ല. ശരിക്കും ഒരു ഫങ്ഷന്‍ ഒക്കെ വെച്ച് വളരെ ഗംഭീരമായ രീതിയില്‍ ചെയ്യേണ്ടതാണ്’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഇക്ക എനിക്കിത് ഇക്കയുടെ കയ്യില്‍ നിന്നും വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. ഈ സിനിമയുടെ സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ അതിനെന്താടാ ചെയ്യാമല്ലോ എന്നദ്ദേഹം പറഞ്ഞു.
അങ്ങനെ ആ സിനിമയുടെ സെറ്റില്‍ തന്നെ ചെറിയൊരു സെറ്റപ്പുണ്ടാക്കി. അങ്ങനെ ഞങ്ങള്‍ എല്ലാവരും നിരന്ന് നിന്ന് മമ്മൂക്കയുടെ കയ്യില്‍ നിന്ന് ആദ്യമായിട്ട് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുന്നത്,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: Guinness Pakru Talks About Mammootty And Guinness Record