തനിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് കൈപറ്റിയത് മമ്മൂട്ടിയായിരുന്നു എന്ന് നടന്‍ ഗിന്നസ് പക്രു. പട്ടണത്തില്‍ ഭൂതം സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ആ സംഭവമെന്നും അദ്ദേഹം കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടി തന്നെ പക്രു എന്ന് വിളിക്കാറില്ലെന്നും അജയനെന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു. ഗിന്നസ് റെക്കോഡ് ചെറിയ കാര്യമല്ലെന്നും ആഘോഷിക്കപ്പെടേണ്ടതാണെന്നും മമ്മൂട്ടി പറഞ്ഞതിന് ശേഷമാണ് താന്‍ പേരിനൊപ്പം ഗിന്നസ് എന്ന് ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
‘മമ്മൂക്ക എന്നെ പക്രു എന്ന് വിളിക്കാറില്ല. അജയാ എന്നേ വിളിക്കാറുള്ളൂ. ഭയങ്കര പ്രചോദനമാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. മലയാള സിനിമയിലെ സകല താരങ്ങളും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികള്‍ക്ക് വരെ അദ്ദേഹമൊരു പാഠമാണ്.
മമ്മൂക്ക സിനിമയില്‍ മാത്രമേ അഭിനയിക്കൂ. അദ്ദേഹം ജീവിതത്തില്‍ അഭിനയിക്കാറില്ല. ജീവിതത്തില്‍ അദ്ദേഹം പച്ചയായ, ദൈവഭയമുള്ള, നന്മയുള്ള സാധാരണക്കാരനായ മനുഷ്യനാണ്. പച്ചപ്പൊക്കെ കാണുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.
പ്രാങ്ക് ചെയ്ത് കൊണ്ടാണ് മമ്മൂക്കയുമായുള്ള ബന്ധം തുടങ്ങുന്നത്. ഞാന്‍ ദുബൈയില്‍ രമേഷ് പയ്യന്നൂരുമായി ഒരു റേഡിയോ അഭിമുഖത്തില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് മമ്മൂക്ക എന്നെ വിളിക്കുന്നത്. ഞാന്‍ കരുതിയത് ഏതോ മിമിക്രിക്കാര്‍ മമ്മൂക്കയുടെ ശബ്ദത്തില്‍ എന്നെ വിളിച്ചതായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ ഞാന്‍ മമ്മൂട്ടിയാണെന്ന് ഫോണില്‍ പറഞ്ഞപ്പോള്‍ ഏത് മമ്മൂട്ടിയെന്നാണ് ഞാന്‍ ചോദിച്ചത്. പിന്നീട് രമേഷ് പയ്യന്നൂര്‍ തന്നെ വന്ന് സത്യാവസ്ഥ പറഞ്ഞു. മമ്മൂക്ക ആ സമയത്ത് ദുബൈയില്‍ ഉണ്ടായിരുന്നു എന്നും കാറില്‍ വെച്ച് റേഡിയോ അഭിമുഖം കേട്ടപ്പോള്‍ വിളിച്ചതാണെന്നുമൊക്കെ രമേഷ് പറഞ്ഞു.
പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റിലായിരിക്കുമ്പോഴാണ് എനിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൊറിയറായി ലഭിക്കുന്നത്. മമ്മൂക്കയാണ് ആ കൊറിയര്‍ കൈപറ്റിയത്. ഇതൊരു ചെറിയ കാര്യമല്ലെന്നും ആഘോഷിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം ഗിന്നസ് എന്ന് വിളിക്കുമായിരുന്നു. അന്ന് മുതലാണ് ഞാന്‍ പേരിനോടൊപ്പം ഗിന്നസ് എന്ന് ചേര്‍ത്തത്,’ ഗിന്നസ് പക്രു പറഞ്ഞു
content highlights: Guinness Pakru talks about Mammootty