|

എന്നെപ്പൊലൊരാള്‍ക്ക് ജിമ്മിന്റെ ആവശ്യമെന്താണെന്ന് തോന്നാം, ആ സിനിമ വന്നതുകൊണ്ടാണ് ജിമ്മില്‍ പോയത്: ഗിന്നസ് പക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജയ് കുമാറെന്ന ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. നായകവേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ച ഗിന്നസ് പക്രു സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. അത്ഭുതദ്വീപിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.

തമിഴില്‍ ചെയ്ത ഡിഷ്യും എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുമായാണ് ഗിന്നസ് പക്രു. കുട്ടികള്‍ക്ക് വേണ്ടി സിനിമയില്‍ ഡ്യൂപ്പിടുന്ന മുതിര്‍ന്ന ഒരാളുടെ വേഷമായിരുന്നു ചിത്രത്തിലെന്ന് ഗിന്നസ് പക്രു പറയുന്നു. ഫൈറ്റ് രംഗങ്ങളൊക്കെയുള്ളതുകൊണ്ട് ആ സിനിമയ്ക്കു വേണ്ടി ജിം ട്രെയിനിങ് എടുത്തുവെന്നും കുതിരപ്പുറത്തുള്ള സഞ്ചാരമൊക്കെ വലിയ റിസ്‌ക് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.

‘കൊവിഡിന് മുമ്പ് മലയാളത്തില്‍ രണ്ടു സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും നടക്കാതെ പോയി. കൊവിഡിന് ശേഷം നല്ല കഥാപാത്രങ്ങള്‍ വന്നത് തമിഴില്‍ നിന്നായിരുന്നു. തമിഴില്‍ ഒടുവില്‍ ചെയ്തതു ബഗീര, മേധാവി എന്നീ ചിത്രങ്ങളാണ്. 2006ല്‍ ചെയ്ത ‘ഡിഷ്യും’ ആയിരുന്നു ആദ്യ തമിഴ് ചിത്രം. കുട്ടികള്‍ക്ക് വേണ്ടി സിനിമയില്‍ ഡ്യൂപ്പിടുന്ന മുതിര്‍ന്ന ഒരാളുടെ വേഷം.

ആ കഥാപാത്രത്തിനു മികച്ച സഹനടനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. ഫൈറ്റ് രംഗങ്ങളൊക്കെയുള്ളതുകൊണ്ട് ആ സിനിമയ്ക്കു വേണ്ടി ജിം ട്രെയിനിങ് എടുത്തു. ഓരോ ദിവസത്തെ ഷൂട്ട് കഴിയുമ്പോഴും ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ കിടന്നാലേ പിറ്റേന്നു പോകാന്‍ കഴിയുമായിരുന്നുള്ളു. കുതിരപ്പുറത്തുള്ള സഞ്ചാരമൊക്കെ വലിയ റിസ്‌ക് തന്നെയായിരുന്നു.

എന്നെപ്പൊലൊരാള്‍ക്കു ജിമ്മിന്റെ ആവശ്യമെന്താണ് എന്ന് തോന്നാം. എനിക്കും അതറിയില്ലായിരുന്നു. അത്തരമൊരു കഥാപാത്രം വന്നതുകൊണ്ട് മാത്രമാണ് ചെയ്തത്. ട്രെയിനറുടെ സഹായത്തോടെ പറ്റിയ രീതിയിലുള്ള പുഷ് അപ്പും വെയിറ്റ് ട്രെയിനിങ്ങുമാണ് ചെയ്തത്. അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായി. പഞ്ഞിപോലെ മൃദുവായിരുന്ന ശരീരം ഉറച്ചു. ആരോഗ്യം മെച്ചപ്പെട്ടു. എനിക്ക് വരാവുന്ന അപകടങ്ങള്‍ മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ പറ്റില്ല എന്നതാണു ശരിക്കുള്ള റിസ്‌ക്,’ ഗിന്നസ് പക്രു പറയുന്നു.

Content Highlight: Guinness Pakru talks about going gym

Video Stories