മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. മിമിക്രിയിലും സജീവമായിരുന്ന പക്രു 1984 ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്.
നടന്‍ എന്നതിലുപരി സംവിധായകന്‍ കൂടിയായി മാറിയ താരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കി. പിന്നാലെ ഉണ്ടപക്രു എന്ന പേര് മാറ്റി താരത്തിന് ഗിന്നസ് പക്രു എന്ന പേര് നല്‍കിയത് മമ്മൂട്ടിയാണ്.
മമ്മൂട്ടിക്ക് വളരെ നിര്‍മലമായ ഹൃദയമാണുള്ളതെന്നും താനുമായുള്ള അടുപ്പം മമ്മൂട്ടി എന്നും സൂക്ഷിക്കാറുണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റി പറഞ്ഞത്.
‘മമ്മൂട്ടി വളരെ നിര്‍മലമായ ഹൃദയത്തിന് ഉടമയാണ്. അദ്ദേഹത്തിനൊപ്പം ആദ്യസിനിമ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര ഭയമുണ്ടായിരുന്നു. അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയുമായി ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം മമ്മൂട്ടിയുടെ അടുത്ത് ഫോട്ടോയ്ക്ക് വേണ്ടി ഒതുങ്ങി നിന്നപ്പോള്‍ തോളത്ത് കയ്യിട്ടോടാ എന്ന് പറഞ്ഞു. അന്ന് ഇക്കയുടെ തോളത്ത് കയ്യിട്ട് ഫോട്ടോയെടുത്തു. അന്നാണ് മമ്മൂക്കയുമായി പരിചയം തുടങ്ങുന്നത്,’ പക്രു പറഞ്ഞു.
‘പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടി പ്രതീക്ഷിക്കാതെ വീട്ടില്‍ വരുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അമ്മ അസോസിയേഷന്റെ മീറ്റിംഗിന് പോയാലും എന്നെ കണ്ട് രണ്ട് മിനിട്ട് സംസാരിക്കും. ആ സ്‌നേഹം വലിയ കാര്യമാണ്,’ പക്രു കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആര്‍ക്കും കാര്യമായ പരിക്ക് പറ്റിയില്ല. കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ചായിരുന്നു അപകടം.