| Monday, 18th April 2022, 1:44 pm

അത് പറഞ്ഞാണ് സംവിധായകന്‍ അവരെ ചതിച്ച് ഇവിടെ കൊണ്ടുവന്നത്. അല്ലാതെ എനിക്ക് അത്ര നല്ല നായികയെ കിട്ടില്ലായിരുന്നു: ഗിന്നസ് പക്രു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാന്റസി ചിത്രങ്ങളിലൊന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ്. പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, കല്‍പ്പന, ബിന്ദു പണിക്കര്‍ എന്നീ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ബോളിവുഡ് താരമായ മല്ലിക കപൂറായിരുന്നു ചിത്രത്തിലെ നായിക.

നായികയായ മല്ലിക കപൂറിനെ പൃഥ്വിരാജിന്റെ നായികയാണെന്ന് പറഞ്ഞ് ചതിച്ച് കൊണ്ട് വന്നതാണെന്നും, ബോളിവുഡില്‍ നിന്ന് നായികയെ കൊണ്ട് വരാനുള്ള കാരണം സംവിധായകനോട് ചോദിച്ചിരുന്നുവെന്നും പറയുകയാണ് ഗിന്നസ് പക്രു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”ആദ്യം തന്നെ എന്നോട് ജിം അടിച്ചോളാന്‍ സംവിധായകന്‍ വിനയന്‍ സാര്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ സല്‍മാന്‍ ഖാനേയും മറ്റ് ജിമ്മന്മാരെയെല്ലാം മനസില്‍ ധ്യാനിച്ച് ചെറിയ ഐറ്റംസൊക്കെ വെച്ച് എന്റേതായ ഒരു ജിമ്മൊക്കെ സെറ്റ് ചെയ്തു. രാവിലെ എണീറ്റ് ജിമ്മില്‍ മരണ പരിപാടിയായിരുന്നു. മുട്ടയുടെ വെള്ള ഒക്കെ കഴിച്ചു. കാരണം, നമ്മുക്ക് കിട്ടിയ വലിയ ഒരു അവസരമല്ലേ. അത് മാത്രമല്ല, നായിക വരുന്നത് ബോളിവുഡില്‍ നിന്നുമാണ്.

അത് കഴിഞ്ഞതിന് ശേഷം പിന്നീടാണ് ഞാന്‍ അറിയുന്നത് ഈ നായികയെ വിനയന്‍ സാര്‍ വിളിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക എന്ന് പറഞ്ഞാണ് വിളിക്കുന്നത് എന്ന്. കൂടാതെ ആ കുട്ടിയെ പിന്തുടരുന്ന ഒരു വൃത്തിക്കെട്ട വേറെ ഒരു നായകനുണ്ട്, നായകന്‍ എന്ന് പറയാന്‍ പറ്റില്ല, വില്ലന്‍ പോലത്തെ ഒരു ഐറ്റമുണ്ട് എന്നായിരുന്നു നായികയോട് പറഞ്ഞത്. അങ്ങനെ അവരെ ചതിച്ച് ഇവിടെ കൊണ്ടുവന്നതാണ്. അല്ലാതെ എനിക്ക് അത്ര നല്ല നായികയെ കിട്ടില്ലായിരുന്നു,” ഗിന്നസ് പക്രു പറഞ്ഞു.

”നായിക അവരാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇവിടെയൊന്നും നായികമാരില്ലാഞ്ഞിട്ടാണോ ബോളിവുഡില്‍ നിന്ന് കൊണ്ട് വരുന്നത് എന്ന് ഞാന്‍ വിനയന്‍ സാറിനോട് ചോദിച്ചിരുന്നു. കിടക്കട്ടെടാ എന്നൊക്കെ പറഞ്ഞ് എനിക്ക് ഭയങ്കര ചാര്‍ജും പോസിറ്റിവിറ്റിയൊക്കെ അദ്ദേഹം തന്നു. പോസിറ്റീവ് എനര്‍ജിയുടെ ഒരു കൂമ്പാരമാണ് വിനയന്‍ സാര്‍,” ഗിന്നസ് പക്രു പറഞ്ഞു.

സിനിമയിലുള്ള കുതിരപ്പുറത്തുള്ള തന്റെ സീനുകളെ കുറിച്ചും താരം പറയുന്നുണ്ട്.

”ഞാന്‍ കുതിരയുടെ മുകളില്‍ കയറി താഴോട്ട് നോക്കിയപ്പോള്‍ ഒരു ആനയുടെ പുറത്തിരുന്ന് താഴോട്ട് നോക്കുന്നത് പോലെയായിരുന്നു. അത് പോലത്തെ സൈസ് സാധനമല്ലേ, പിടിച്ചാല്‍ നില്‍ക്കുമോ ഇത്. ഒരു ഒറ്റ വിടല്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ വേറെ റുട്ടില്‍ കൂടി കറങ്ങിയേ വരികയുള്ളു. യുദ്ധത്തിന് പുറപ്പെടുന്ന സീനിലൊക്കെ കണ്ണൊക്കെ മിഴിച്ച് കുതിര ഒരൊറ്റ പോക്കാണ്. ആ സീനൊക്കെ റീ ടേക്ക് എടുക്കണമെങ്കില്‍ 25 മിനിറ്റോളം എടുക്കും. കാരണം, ഞാനും കുതിരയും എവിടെയാണെന്ന് അവിടെയുള്ളവര്‍ക്ക് പോലുമറിയില്ല. അത് പോലെയുള്ള കാര്യങ്ങളൊക്കെയാണ് നടന്നത്,” ഗിന്നസ് പക്രു കൂട്ടിച്ചേര്‍ത്തു.

Content Highlight: guinnes Pakru says Mallika Kapoor has been tricked into claiming to be Prithviraj’s heroine in athbutha dweep 

We use cookies to give you the best possible experience. Learn more