Entertainment
മമ്മൂക്കയേ വിളിച്ചില്ലേ, അദ്ദേഹം നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ വണ്ടിയില്‍ കയറി ഇരിക്കുകയാണെന്ന് സുരാജ് പറഞ്ഞു: അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 24, 11:06 am
Saturday, 24th July 2021, 4:36 pm

പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ഗിന്നസ് പക്രു. ഷൂട്ടിങ്ങിനിടെ തന്റെ വീട്ടിലേക്ക് മമ്മൂട്ടി വന്നതിനെ കുറിച്ചാണ് ഒരു ചാനല്‍ പരിപാടിയില്‍ വെച്ച് പക്രു സംസാരിക്കുന്നത്.

സിനിമയിലെ സഹതാരങ്ങളായ സുരാജിനെയും സലീം കുമാറിനെയും ഇന്നസെന്റിനെയും വീട്ടിലേക്ക് ഭക്ഷണത്തിനായി ക്ഷണിച്ചുവെന്നും ചെറിയൊരു പേടിയുണ്ടായിരുന്നതുകൊണ്ട് മമ്മൂട്ടിയെ വിളിച്ചില്ലെന്നുമാണ് പക്രു പറയുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ വീട്ടിലേക്ക് വന്നെന്നും പക്രു പറയുന്നു.

‘കോട്ടയത്ത് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ഒരു ദിവസം മീനും ചോറും കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരാജ് പറഞ്ഞു. വീട്ടില്‍ പോയാല്‍ കഴിക്കാമെന്ന് ഞാന്‍ പറഞ്ഞു.

സലീമേട്ടനും ഇന്നസെന്റ് ചേട്ടനും അവിടെയുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മൂന്നാളും കൂടെ വീട്ടിലേക്ക് വരാന്‍ തയ്യാറായി. എനിക്കാണെങ്കില്‍ ഇത് മമ്മൂക്കയുടെ അടുത്തുപോയി പറയാന്‍, അതായത് ഞങ്ങളിങ്ങനെ പോകുന്നുണ്ട് എന്ന് പറയാന്‍, ചെറിയൊരു പേടിയുണ്ട്. അദ്ദേഹത്തെ വീട്ടിലേക്ക് വിളിക്കാനൊക്കെ ഒരു പേടി.

അതുകൊണ്ടു പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. ഇവരെ മൂന്നു പേരെയും ക്ഷണിച്ചിട്ട് ഞാന്‍ വീട്ടിലേക്ക് പോയി. ഭക്ഷണമൊക്കെ തയ്യാറാക്കണമല്ലോ.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സുരാജിന്റെ ഫോണ്‍ കോള്‍ വന്നു. ‘നിങ്ങളെന്താ മമ്മൂക്കയെ വിളിച്ചില്ലേ, മമ്മൂക്ക ദാ നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ വണ്ടിയില്‍ കയറി ഇരിക്കുന്നു’ എന്ന് പറഞ്ഞു. എനിക്കാകെ തല കറങ്ങുന്ന പോലെ തോന്നി.

പിന്നെ കുറച്ച് കഴിഞ്ഞപ്പോഴതാ, അഞ്ചാറ് വണ്ടി വീടിന് മുന്നില്‍ വന്നുനില്‍ക്കുന്നു. സിനിമാ സ്‌റ്റൈലിലായിരുന്നു മമ്മൂട്ടി ഇറങ്ങിവന്നത്. നീയെന്നെ വിളിച്ചില്ലേലും ഞാന്‍ വരുമെടാ എന്ന് പറഞ്ഞു. അങ്ങനത്തെ ഒരു മനുഷ്യനാണ് അദ്ദേഹം,’ പക്രു പറഞ്ഞു.

പക്രു മമ്മൂട്ടിയെ കുറിച്ച് പറയുന്ന പരിപാടിയിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

വീട്ടിലേക്ക് വരാന്‍ മമ്മൂക്ക വണ്ടിയില്‍ കയറിയിരിക്കുന്നുവെന്ന് സുരാജ് വിളിച്ചു പറഞ്ഞു, എനിക്കാകെ തല കറങ്ങി: അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു

മമ്മൂക്കയോട് അത് പറയാന്‍ പേടിയായിരുന്നു, പക്ഷെ കാര്യമറിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് വന്നു; ഗിന്നസ് പക്രു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Guinness Pakru shares experience with Mammootty