| Saturday, 7th July 2018, 8:33 am

അഴിമതി; നവാസ് ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ് വിധിച്ച് കോടതി. കേസിലെ മറ്റു പ്രതികളായ ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫിനെ ഏഴ് വര്‍ഷം തടവിനും മരുമകന്‍ സഫ്ദറിനെ ഒരു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. പാക് അക്കൗണ്ടബിലിറ്റി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ ലണ്ടനിലെ ഷെരീഫിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 1990 കളില്‍ കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ നാല് ആഡംബര ഫ്ളാറ്റുകളടക്കം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് നവാസിനെതിരെയുള്ള കേസ്. പനാമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് നവാസിന്റെ അനധികൃത സ്വത്ത് വിവരങ്ങള്‍ പുറത്തെത്തിയത്.


Read Also : ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതിന്റെ രേഖകളാണ് പനാമയിലൂടെ പുറത്തുവന്നത്. മൊസ്‌ക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ വസ്തുക്കള്‍ വാങ്ങി എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ കേസില്‍ നിയമ നടപടി നേരിടേണ്ടി വന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് നവാസ് ഷെരീഫിന് പുറത്തു പോകേണ്ടി വന്നിരുന്നു.

ഉന്നതരുടെ അനധികൃത സമ്പാദ്യ വിവരങ്ങള്‍ പനാമ രേഖകള്‍ വഴി പുറത്തു വന്നതിനെത്തുടര്‍ന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ എടുത്ത മൂന്ന് കേസുകളിലൊന്നിലാണ് കോടതി തടവ് വിധിച്ചത്.

അഞ്ചുതവണ മാറ്റിവെച്ച ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. അര്‍ബുധ ബാധിതയായ ഭാര്യ കുല്‍സും നവാസിന്റെ ചികിത്സക്കായി ലണ്ടനിലാണിപ്പോള്‍ 66കാനായ ഷെരീഫും കുടുംബവും.

ഷെരീഫിന്റെ അസാന്നിധ്യത്തിലാണ് അടച്ചിട്ട കോടതിമുറിയില്‍ 100 പേജ് വിധി ജഡ്ജ് വിധിച്ചത്. ജൂലൈ 25 ന് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന വിധി ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് വിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more