| Friday, 31st July 2020, 2:57 pm

സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ചികിത്സ; സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് മാര്‍ഗരേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് അതാത് ആശുപതികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും കാസ്പ് പദ്ധതിയില്‍ ഉള്ളവര്‍ക്കും ചികിത്സ സൗജന്യമാണ്.

കൊവിഡ് കവച് , കൊവിഡ് രക്ഷാ ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ബന്ധപ്പെട്ട ആശുപത്രികളില്‍ സൗജന്യം ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ ഒരു കാരണവശാലും ചികിത്സ നിഷേധിക്കരുതെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്.

ജനറല്‍ വാര്‍ഡ് 2300 രൂപ, ഐ.സി.യു 6500 രൂപ, ഐ.സി.യു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പി.പി.ഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

അതിനിടെ സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വി.ഐ.പി മുറികളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വി.ഐ.പികള്‍ക്കായി തയ്യാറാക്കി വെക്കാനാണ് നിര്‍ദേശം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more