| Tuesday, 28th March 2023, 4:11 pm

'മുറികള്‍ പുറത്തുനിന്ന് പൂട്ടും', 'അച്ചടക്കമുള്ള വസ്ത്രധാരണം നിര്‍ബന്ധം', 'ഹൈഹീലുകള്‍ വേണ്ട'; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കോളേജ് ടൂര്‍ മാര്‍ഗനിര്‍ദേശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി സദാചാര ഉത്തരവുകള്‍ ചേര്‍ത്ത കോളേജ് ടൂര്‍ മാര്‍ഗനിര്‍ദേശങ്ങള്‍. കൊല്ലം എസ്.എന്‍ കോളേജാണ് വിനോദയാത്രക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെന്ന പേരില്‍ വിചിത്രമായ ഉത്തരവുകള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് പ്രചരണം.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുള്ള കോളേജ് ടൂറിലെ അധിക നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 നിര്‍ദേശങ്ങളാണ് ഇപ്രകാരം നല്‍കിയിരിക്കുന്നത്.

ബസിന്റെ മുന്‍ഭാഗത്തെ സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി റിസര്‍വ് ചെയ്തിട്ടുണ്ടാകുമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നുള്ള യാത്ര അനുവദിക്കില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇരു വിഭാഗക്കാരും അടക്കവും ഒതുക്കവുമുള്ള വസ്ത്രമായിരിക്കണം ധരിക്കേണ്ടത്. പെണ്‍കുട്ടികള്‍ക്ക് യാത്രയില്‍ ഒറ്റക്ക് എവിടെയും പോകാന്‍ അനുവാദമില്ല. അധ്യാപികയുടെയോ, ടീം മാനേജറുടെയോ കൂടെ മാത്രമേ പെണ്‍കുട്ടികള്‍ സഞ്ചരിക്കാവൂ.

ഷോപ്പിങ്, സൈറ്റ് സീയിങ് മുതലായവക്ക് പെണ്‍കുട്ടികളെല്ലാം അധ്യാപികയോടൊപ്പം പ്രത്യേക ടീം ആയി തിരിയണമെന്നും നോട്ടീസിലുണ്ട്.

പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മുറികളൊരുക്കുകയും നിശ്ചിത സമയത്തിന് ശേഷം മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും ചെയ്യും. അത്യാവശ്യ ഘട്ടത്തില്‍ മറ്റുള്ളവരെ ബന്ധപ്പെടാന്‍ എമര്‍ജന്‍സി അലാറം, ഫോണ്‍ തുടങ്ങിയവ നല്‍കും. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ചേര്‍ന്ന് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ലെങ്കിലും ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും മാത്രമെടുക്കുന്ന ചിത്രങ്ങള്‍ക്ക് ടൂറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ചും നോട്ടീസില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ധരിക്കരുത്, എളുപ്പത്തില്‍ നീങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരിക്കണം പെണ്‍കുട്ടികള്‍ ധരിക്കേണ്ടതെന്നും നോട്ടീസില്‍ കാണാം. ഹൈ ഹീലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്കോ ആണ്‍കുട്ടികള്‍ക്കോ യാത്രയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ പരാതിപ്പെടാതിരിക്കുന്ന പക്ഷം അവര്‍ തെറ്റായ പ്രവര്‍ത്തിക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും കര്‍ശനമായ നടപടികള്‍ ഇവര്‍ക്കെതിരെയുണ്ടാകുമെന്നും നിര്‍ദേശമുണ്ട്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിട്ടില്ല.

Content Highlight: Guidelines for college tour makes social media in splits

We use cookies to give you the best possible experience. Learn more