ഇത്തവണയും നെതര്‍ലന്‍ഡ്‌സ് പ്രോട്ടിയാസിന് വെല്ലുവിളിയാവുമോ? പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം
Cricket
ഇത്തവണയും നെതര്‍ലന്‍ഡ്‌സ് പ്രോട്ടിയാസിന് വെല്ലുവിളിയാവുമോ? പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 2:11 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കാന്‍ പോവുന്ന സൗത്ത് ആഫ്രിക്ക ടീമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

2024 ടി-20 ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ ഗ്രൂപ്പ് അല്‍പ്പം ബുദ്ധിമുട്ടുള്ളതാണെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘ഇത്തവണത്തെ ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക മരണഗ്രൂപ്പില്‍ ആണ്. അവര്‍ അത് എത്രത്തോളം മറികടക്കും എന്ന് നമുക്ക് കണ്ടറിയണം. സൂപ്പര്‍ എട്ടില്‍ മികച്ച ടീമുകള്‍ ഉണ്ടാവുമെന്നതിനാല്‍ സൗത്ത് ആഫ്രിക്ക അവിടെയെത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

സൗത്ത് ആഫ്രിക്കക്ക് ഒരു വെല്ലുവിളി നേരിടുന്ന മത്സരം ഉണ്ടാവും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗ്രൂപ്പ് ഡിയില്‍ നിന്നും മുന്നോട്ടുപോവുക എന്നുള്ളത് സൗത്ത് ആഫ്രിക്കക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. സൗത്ത് ആഫ്രിക്കക്ക് ടി-20യില്‍ തിരിച്ചുവരാന്‍ മികച്ച അവസരം ആണുള്ളത്. എന്നാല്‍ ഏതെങ്കിലും ടീം മത്സരത്തില്‍ നിങ്ങളെ സമ്മര്‍ദത്തില്‍ ആക്കിയാല്‍ പിന്നീട് നിങ്ങള്‍ക്ക് തിരിച്ചു വരാന്‍ സമയങ്ങളില്ല. എങ്കിലും സൗത്ത് ആഫ്രിക്ക മികച്ച ക്രിക്കറ്റ് കളിച്ചുകൊണ്ട് ആദ്യ എട്ടില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി യില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ എന്ന ടീമുകള്‍ക്കൊപ്പം ആണ് സൗത്ത് ആഫ്രിക്ക ഇടം നേടിയത്.

2022 ടി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓറഞ്ച് പടയോട് ഞെട്ടിക്കുന്ന തോല്‍വി പ്രോട്ടിയാസ് ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും ഡച്ച് പടക്ക് മുന്നില്‍ സൗത്ത് ആഫ്രിക്ക പരാജയം ഏറ്റുവാങ്ങിയിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലും വീണ്ടും നെതര്‍ലന്‍ഡ്‌സ് സൗത്ത് ആഫ്രിക്കയ്ക്ക് ഒരു വെല്ലുവിളി ആവുമോ എന്ന് കണ്ടു തന്നെ അറിയണം.

അതേസമയം കഴിഞ്ഞ ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക അഞ്ചു വിക്കറ്റുകള്‍ക്ക് വിജയിച്ചപ്പോള്‍ അവസാന മത്സരത്തില്‍ 106 റണ്‍സിന് വിജയിച്ചു കൊണ്ട് ഇന്ത്യ പരമ്പര സമനിലയിലാക്കുകയായിരുന്നു.

Content Highlight; Guatham Gambhir talks south Africa cricket team in upcoming T-20 world cup.