ഗ്വാട്ടമാല സിറ്റി: ഗ്വാട്ടമാലയിലെ ഫ്യൂഗോ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 25 മരണം. കനത്ത പുകപടലങ്ങളും പാറച്ചീളുകളും കാരണം വിമാനത്താവളം അടച്ചു. ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ അപകടമാണിത്.
അഗ്നിപര്‍വതത്തിന് സമീപത്തുള്ള കര്‍ഷക സമൂഹത്തിലുള്ളവരാണ് കൊല്ലപ്പെട്ടവര്‍. ഉന്നത ചൂടിലുള്ള ലാവയില്‍ പെട്ടുപോയാണ് മരണങ്ങളെന്ന് ദേശീയ ദുരന്തനിവാരണ ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു.
ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിപര്‍വതത്തിന് സമീപത്തുള്ള പ്രദേശത്ത് നിന്നും 2,000 പേരെ മാറ്റിപാര്‍പ്പിച്ചു. തൊട്ടു സമീപത്തെ ആന്റിഗ്വ നഗരത്തിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
1974 ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിതെന്നാണ് പ്രാദേശിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുമായി ഗ്വാട്ടിമാല സൈന്യം പ്രദേശത്തെത്തിയിട്ടുണ്ട്.
നാഷനല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ദുരന്തം മൂന്നോളം പ്രദേശത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്നും ഗ്വാട്ടമാല പ്രസിഡന്റ് ജിമ്മി മൊറേല്‍ പറഞ്ഞു.