ക്ലബ് ഫുട്‌ബോളിലെ പുതിയ സെന്‍സേഷനല്‍ താരം എര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ നോര്‍വീജിയന്‍ ഗോളടി മെഷീന്‍ എല്ലാ റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്.
22 വയസുകാരനായ ഹാലണ്ട് ഈ സീസണിലാണ് ബുണ്ടസ് ലിഗ ജയന്റ്സായ ബോറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും സിറ്റിയിലെത്തിയത്. ഡോര്‍ട്മുണ്ടില്‍ വെച്ച് തന്നെ ഹാലണ്ട് ഒരു ഗോളടി യന്ത്രമായിരുന്നു.
ഇപ്പോള്‍ സിറ്റിയിലെത്തിയതിന് ശേഷം 9 മാച്ചുകളില്‍ നിന്നായി 14 ഗോളുകള്‍ താരം വാരിക്കൂട്ടി കഴിഞ്ഞു. പ്രീമിയര്‍ ലീഗിലെ ഒരുപിടി റെക്കോഡാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
ആദ്യത്തെ ആറ് കളിയില്‍ തന്നെ അദ്ദേഹം പത്ത് ഗോള്‍ നേടിയിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ പത്ത് ഗോള്‍ തികയ്ക്കുന്ന താരമെന്ന റെക്കോഡ് അദ്ദേഹം ഇവിടെ കുറിച്ചു.
രണ്ട് ഹാട്രിക്ക് ഇപ്പോള്‍ തന്നെ ഈ സീസണില്‍ ഹാലണ്ട് അടിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കുന്നതും ഈ നോര്‍വെക്കാരന്‍ തന്നെയാണ്.
ഗോളടി ശീലമാക്കിയ യുവതാരത്തെ റെക്കോഡ് തുകക്കായിരുന്നു ഗ്വാര്‍ഡിയോളയുടെ സിറ്റി സ്വന്തമാക്കിയത്. ഇപ്പോള്‍ ഹാലണ്ടിന്റെ തുടരുന്ന നേട്ടങ്ങള്‍ക്ക് പിന്നിലെ കാരണം കൂടി വെളിപ്പെടുത്തുകയാണ് പെപ്.
പരിശീലനം, ജന്മനാ ഉള്ള കഴിവ്, കാലില്‍ തലച്ചോറുള്ള ടൈപ്പ് പാസുകള്‍ ഒന്നുമല്ല ഹാലണ്ടിന്റെ വിജയരഹസ്യമായി പെപ് ചൂണ്ടിക്കാണിക്കുന്നത്, അത് സിറ്റിയുടെ മെഡിക്കല്‍ സ്റ്റാഫാണ്. താന്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നതിന്റെ കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.
ഡോര്‍ട്മുണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും നിരന്തരമായി പരിക്കിന്റെ പിടിയിലാകുമായിരുന്നു ഹാലണ്ട്. സിറ്റിയിലും ഈ അവസ്ഥയുണ്ടാകരുതെന്ന് ഗ്വാര്‍ഡിയോള തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നു.
‘ടീമിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഭാഗങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പക്ഷെ ബാക്ക്‌റൂം സ്റ്റാഫില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിസിയോ തെറാപ്പിസ്റ്റ് തന്നെയാണ്. അവരാണ് കളിക്കാരുടെ കാലുകളുടെ കാര്യം നോക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡോര്‍ട്മുണ്ടില്‍ എര്‍ലിങ് പരിക്ക് മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇവിടേക്ക് വരുമ്പോഴും ചെറിയ സര്‍ജറി കഴിഞ്ഞതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു.
സിറ്റിയിലെത്തിയതിന് ശേഷം ഫിസിയോ തെറാപ്പിസ്റ്റായ മാരിയോക്കും ടീമിനുമൊപ്പം അവന്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ മുടക്കമില്ലാതെയും മാറിനില്‍ക്കാതെയും കളിക്കാന്‍ ഹാലണ്ടിന് കഴിയുന്നുണ്ട്.
ഒരു മാച്ചില്‍ ഫുള്‍ടൈം കളിക്കാര്‍ക്ക് കളിക്കാനാകുന്നുണ്ടെങ്കില്‍ അതിന് നന്ദി പറയേണ്ടത് ഫിസിയോസിനോട് കൂടിയാണ്. അതുകൊണ്ട് തന്നെ ഹാലണ്ടിന്റെ വിജയരഹസ്യം സിറ്റിയുടെ മെഡിക്കല്‍ സ്റ്റാഫാണെന്ന് ഞാന്‍ പറയും,’ ഗ്വാര്‍ഡിയോള പറഞ്ഞു.
നോര്‍വെ ദേശീയ ടീമില്‍ കളിക്കാന്‍ ഹാലണ്ട് പോയപ്പോഴും മാരിയോ എന്ന സിറ്റിയുടെ ഫിസിയോയും ഒപ്പമുണ്ടായിരുന്നു. ക്ലബിന്റെ സ്റ്റാഫിനെ താരങ്ങളുടെ ദേശീയ ടീം മത്സരങ്ങളില്‍ ഒപ്പം വിടേണ്ടതുണ്ടോയെന്ന ചോദ്യം ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു.
ഈ ചോദ്യത്തോടും ഗ്വാര്‍ഡിയോള പ്രതികരിച്ചു. ഇത് വളരെ സാധാരണമായ കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘ഇതൊരു വിചിത്ര സംഭവമൊന്നുമല്ല. വേള്‍ഡ് കപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം കളിക്കാര്‍ക്കൊപ്പം ഫിസിയോസ് പോകാറുണ്ട്. മാരിയോ ഒരു അതിഗംഭീരനായ ഫിസിയോ ആണ്. അതുകൊണ്ടാണ് എര്‍ലിങിനൊപ്പം പോയത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.
Content Highlight: Guardiola reveals secret to Haaland’s success, says it’s the Manchester City’s medical team