| Wednesday, 15th March 2023, 11:09 pm

മെസിയുടെ റെക്കോഡ് തകരുമെന്ന പേടിയല്ല, വിചിത്രമായ ആ കാരണം മറ്റൊന്ന്; ഹാലണ്ടിനെ പിന്‍വലിച്ചതില്‍ വിശദീകരണവുമായി ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍.ബി ലീപ്‌സിഗിനെ പരാജയപ്പെടുത്തിയിരുന്നു. തങ്ങളുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. ഇതോടെ 8-1 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സിറ്റിക്കായി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴ് ഗോളില്‍ അഞ്ചെണ്ണവും അടിച്ചുകൂട്ടിയത് നോര്‍വീജിയന്‍ ഇന്റര്‍നാഷണലും നെക്‌സ്റ്റ് ബിഗ് തിങ് എന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ വിശേഷിപ്പിച്ച എര്‍ലിങ് ഹാലണ്ടായിരുന്നു. മത്സരത്തിന്റെ 22, 24, 45+2, 53, 57 മിനിട്ടുകളിലായിരുന്നു താരം ഗോളടിച്ചത്. ഗുണ്ടോഗാനും കെവിന്‍ ഡി ബ്രൂയ്‌നുമായിരുന്നു ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.

ഈ ഗോള്‍ നേട്ടത്തിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയ താരം എന്ന മെസിയുടെയും ലൂയീസ് അഡ്രിയാനോയുടെയും റെക്കോഡിനൊപ്പമെത്താനും ഹാലണ്ടിനായി.

അഞ്ച് ഗോള്‍ തികച്ച ഹാലണ്ട് ആറാം ഗോള്‍ നേടി ഡബിള്‍ ഹാട്രിക് തികക്കുമെന്നും മെസിയുടെ റെക്കോഡ് മറികടക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ അവരെ ഒന്നടങ്കം നിരാശപ്പെടുത്തിക്കൊണ്ട് മത്സരത്തിന്റെ 63ാം മിനിട്ടില്‍ പെപ് ഗ്വാര്‍ഡിയോള ഹാലണ്ടിനെ തിരികെ വിളിക്കുകയായിരുന്നു.

ഡബിള്‍ ഹാട്രിക് നേടാന്‍ സാധിക്കാത്തതില്‍ ഹാലണ്ടും ഏറെ നിരാശനായിരുന്നു. ഇക്കാര്യം താരം മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ എന്തുകൊണ്ട് ഹാലണ്ടിനെ ഡബിള്‍ ഹാട്രിക് നേടാന്‍ അനുവദിക്കാതെ തിരിച്ചുവിളിച്ചു എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഗ്വാര്‍ഡിയോള. ഈ ചെറുപ്രായത്തില്‍ തന്നെ എല്ലാ നേട്ടവും സ്വന്തമാക്കിയാല്‍ മുന്നോട്ട് പോകാന്‍ താരത്തിന് ഉത്സാഹമുണ്ടാകില്ലെന്നാണ് ഗ്വാര്‍ഡിയോള പറഞ്ഞത്.

‘തന്റെ 22ാം വയസിലോ 23ാം വയസിലോ അവന്‍ ഈ നേട്ടം സ്വന്തമാക്കുകയാണെങ്കില്‍ അവന്റെ ജീവിതം വളരെയധികം ബോറിങ്ങായിരിക്കും. ഭാവിയില്‍ അവന് സ്വന്തമാക്കാന്‍ ഒരു ലക്ഷ്യവുമുണ്ടാകില്ല. അതിപ്പോള്‍ ഇവിടെയായാലും മറ്റെവിടെയായാലും. അതുകൊണ്ടാണ് ഞാന്‍ സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

മത്സര ശേഷം ഡബിള്‍ ഹാട്രിക് നേടാന്‍ സാധിക്കാത്തതിന്റെ നിരാശയെ കുറിച്ച് ഹാലണ്ടും പറഞ്ഞിരുന്നു.

‘ഞാന്‍ പിച്ചില്‍ നിന്നും മടങ്ങിയപ്പോള്‍ ഡബിള്‍ ഹാട്രിക് നേടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന കാര്യം അദ്ദേഹത്തോട് (ഗ്വാര്‍ഡിയോള) പറഞ്ഞിരുന്നു. എന്നാല്‍ എനിക്കെന്ത് ചെയ്യാന്‍ സാധിക്കും? എനിക്ക് പോകേണ്ടി വന്നു. ഇത് വളരെ വലിയൊരു രാത്രിയാണ്. ഈ മത്സരം കളിക്കാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ അഞ്ച് ഗോള്‍ നേടി. ടീം 7-0ന് വിജയിച്ചു. ഇത് വളരെ വലിയൊരു കാര്യമാണ്,’ ഹാലണ്ട് പറഞ്ഞു.

എഫ്.എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ് സിറ്റിക്ക് മുമ്പില്‍ ഇനിയുള്ളത്. ബേണ്‍ലി എഫ്.സിയാണ് എതിരാളികള്‍.

Content Highlight: Guardiola explains why Haaland was substituted

We use cookies to give you the best possible experience. Learn more