ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.
ബുധനാഴ്ച പാസാക്കിയ ഭേദഗതിക്കെതിരെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധത്തെ മുന്‍നിര്‍ത്തിയാണ് ശിവസേനയുടെ മുഖപത്രമായ സാമനയിലെ മുഖപ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ ശിവസേന വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഹിന്ദുക്കളുടെ രക്ഷാധികാരികള്‍’ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിരതയുടെ സാഹചര്യമുണ്ടാക്കിയെന്നും അതിന്റെ അനന്തരഫലങ്ങള്‍ രാജ്യം അഭിമുഖീകരിക്കുമെന്നും സേന കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ സ്ഥിതി ഇതുവരെ സാധാരണ നിലയിലായിട്ടില്ലെന്നും സേന പറഞ്ഞു.
”ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളുടെയും രക്ഷാധികാരിയാകാന്‍ വേണ്ടി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ പൗരന്മാരെ അസ്വസ്ഥരാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തശേഷം ജമ്മുകശ്മീരിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് എന്താണ് സംഭവിച്ചത്?
എരിതീയില്‍ എണ്ണ പകരുന്നതുപോലെ, ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാര്‍ അക്രമാസക്തരായി. ഇത് ഏതുതരം ഭരണമാണ്?” ശിവസേന കേന്ദ്രത്തെ കുറ്റപ്പെടുത്തി.
കേന്ദ്രം എടുക്കുന്ന തീരുമാനങ്ങള്‍ സമീപഭാവിയില്‍ രാജ്യത്തെയാകെ പ്രതികൂലമായി ബാധിക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി.
രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന് വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്ന ശിവസേന ലോക് സഭയില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ വളച്ചൊടിച്ചാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതെന്ന് ആരോപിച്ചു.
‘ആയുര്‍വേദവും യോഗയുംകൊണ്ട് സുഖപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പ്രശ്‌നത്തിന് സര്‍ക്കാര്‍ ശസ്ത്രക്രിയ നടത്തി. ഇതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ തങ്ങളുടെ സംസ്ഥാനത്ത് കൊണ്ടുവന്ന് അവരുടെ സ്വത്വത്തില്‍ വടക്കുകിഴക്കന്‍ ജനത വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, ‘
അസമിലും ത്രിപുരയിലും വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സമയത്താണ് കേന്ദ്രത്തിനെതിരായ സേനയുടെ ആക്രമണം. പുതുതായി പാസാക്കിയ പൗരത്വ നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ രാജ്യത്ത് പ്രതിഷേധം നടത്തുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അസമില്‍ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
നിരവധിപേരാണ് കര്‍ഫ്യൂ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ബില്ലിനെതിരെ അസമില്‍ തുടുരുന്ന പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചിട്ടുണ്ട്.
അസമില്‍ പ്രതിഷേധക്കര്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.