ന്യൂയോര്‍ക്ക്: ഗ്വാണ്ടനാമോ ജയിലില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് തടവുകാരന്‍. വിചാരണയ്ക്കിടെ ഗ്വാണ്ടനാമോ കോടതിയിലെ മിലിറ്ററി ഉദ്യോഗസ്ഥരോടായിരുന്നു പ്രതികരണം.
അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിയായിരുന്ന മജീദ് ഖാന്‍ ആണ് ജയിലില്‍ നേരിട്ട ചൂഷണങ്ങളക്കെുറിച്ചും അതിക്രമങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചത്.
2001 സെപ്റ്റംബര്‍ 11 അല്‍ ഖ്വയിദ നടത്തിയ അമേരിക്കന്‍ ബോംബാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അന്വേഷണത്തിന്റെ ഭാഗമായി മജീദിനെ അറസ്റ്റ് ചെയ്തത്. അല്‍ ഖ്വയിദയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മജീദ്.
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ചോദ്യം ചെയ്യലിന്റെ ഭാഗമായി നേരിട്ട കാര്യങ്ങളാണ് നാല്‍പത്തിയൊന്നുകാരനായ മജീദ് ഖാന്‍ മിലിറ്ററി ജൂറി പാനലിനോട് വെളിപ്പെടുത്തിയത്.
‘ബാക്ക് സൈറ്റ്‌സ്’ എന്ന പേരിലറിയപ്പെടുന്ന വിദേശ ജയിലുകളില്‍ വെച്ച് കടുത്ത പീഡനമുറകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മജീദ് ഖാന്‍ പറഞ്ഞത്.
ആദ്യമായാണ് ഒരു ഗ്വാണ്ടനാമോ തടവുകാരന്‍ ഇങ്ങനെ അനുഭവം തുറന്ന് പറയുന്നത്. പുറംലോകമറിയാത്ത നിരവധി ജയിലുകളില്‍ വെച്ച് ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുകയും ഉറക്കം പോലും നിഷേധിക്കുകയും ചെയ്തിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.
അന്വേഷണവും ചോദ്യം ചെയ്യലുമായി എത്രത്തോളം സഹകരിക്കുന്നോ, അത്രത്തോളം തന്നെ കൂടുതല്‍ ഉപദ്രവിക്കുകയായിരുന്നു എന്നാണ് മജീദ് പറഞ്ഞത്. 2003ലാണ് മജീദ് ഖാന്‍ പാകിസ്ഥാനില്‍ വെച്ച് സി.ഐ.എയുടെ പിടിയിലാവുന്നത്.
ഇതുവരെ പുറത്തുവിടാത്ത നിരവധി രഹസ്യരീതികളിലൂടെയാണ് ജയിലുകളില്‍ തടവുകാരെ അമേരിക്കന്‍ ഭരണകൂടത്തിന് കീഴില്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ഞാന്‍ കരുതിയത് ഞാന്‍ മരിക്കാന്‍ പോകുകയാണെന്നായിരുന്നു,” മജീദ് കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ നഗ്നനാക്കി മണിക്കൂറുകളോളം തൂക്കിയിടുക, ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശ്വാസം കിട്ടാതെ മരിക്കുമെന്ന അവസ്ഥയെത്തുന്നത് വരെ വെള്ളത്തില്‍ തല മുക്കിപ്പിടിക്കുക തുടങ്ങിയ പീഡനമുറകളെക്കുറിച്ച മിലിറ്ററി ജൂറി പാനലിനോട് മജീദ് വിശദീകരിച്ചു.
അവര്‍ ചോദിച്ച വിവരങ്ങളൊന്നും തനിക്ക് അറിയുമായിരുന്നില്ലെന്നും അറിയുമെങ്കില്‍ അപ്പോള്‍ തന്നെ പറയുമായിരുന്നെന്നും മജീദ് പറഞ്ഞു. അല്‍ ഖ്വയിദയുടെ പല പദ്ധതികളുടേയും ആസൂത്രണത്തിന്റെ ഭാഗമായിരുന്നെങ്കിലും അവയൊന്നും നടപ്പാക്കിയിരുന്നില്ലെന്നാണ് മജീദ് പറഞ്ഞത്.
39 പേജുകളുള്ള സ്റ്റേറ്റ്‌മെന്റാണ് മജീദ് ജൂറിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ചെയ്ത കുറ്റങ്ങള്‍ തുറന്ന് സമ്മതിച്ചിട്ടുള്ള മജീദ് അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
1990കളില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയതാണ് മജീദ് ഖാന്റെ കുടുംബം. സ്വമേധയാ ആണ് അല്‍ ഖ്വയിദയില്‍ ചേര്‍ന്നതെന്നും അത് തെറ്റായ തീരുമാനമായിരുന്നെന്നും മജീദ് വെളിപ്പെടുത്തിയിരുന്നു.
ക്യബയുടെ തെക്കുകിഴക്കന്‍ അറ്റത്തുള്ള ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ നാവിക ബേസിലാണ് അമേരിക്കയ്ക്ക് കീഴിലുള്ള ഈ മിലിറ്ററി ജയിലുകള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മജീദ് സൂചിപ്പിച്ച ജയിലുകള്‍ എവിടെയൊക്കെയാണെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.