ഗ്വാണ്ടനാമോ; നിരപരാധികള്‍ക്ക് മേല്‍ അഴിച്ചുവിടുന്ന പൈശാചികതയുടെ പ്രതീകം
Guantanamo prison
ഗ്വാണ്ടനാമോ; നിരപരാധികള്‍ക്ക് മേല്‍ അഴിച്ചുവിടുന്ന പൈശാചികതയുടെ പ്രതീകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2022, 5:00 pm
ഭീകരവാദം എന്നത് ഒരു മുസ്‌ലിം കുറ്റകൃത്യമാണ് എന്നാണ് 20 വര്‍ഷത്തെ ചരിത്രത്തില്‍ ഗ്വാണ്ടനാമോ ചിത്രീകരിച്ചതും, ചിത്രീകരിക്കുന്നതും. 9/11 ആകമണത്തിന് ശേഷം, മുസ്‌ലിങ്ങള്‍ മൗലികമായ മനുഷ്യാവകാശങ്ങള്‍ പോലും അര്‍ഹിക്കുന്നില്ല, എന്ന വികാരം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചിരുന്നു. അമേരിക്കക്ക് നേരെ 2001 സെപ്റ്റംബറില്‍ നടന്ന ഈ ആക്രമണത്തിന് ശേഷം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഉത്ഭവിക്കുകയും ഇന്ന് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുകയും ചെയ്തിരിക്കുന്ന ഇസ്‌ലാമോഫോബിയ ആണ് ഗ്വാണ്ടനാമോ തടവറയിലെ പൈശാചികതക്ക് പിന്നില്‍ മൂലകാരണമായി പ്രവര്‍ത്തിക്കുന്നത്.

2002 ജനുവരി 11നാണ് കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലുകള്‍ സ്ഥാപിക്കപ്പെടുന്നത്. അമേരിക്കയുടെ മിലിട്ടറി തടവറയായി ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ നേവല്‍ ബേസില്‍ സ്ഥാപിക്കപ്പെട്ട ഈ മനുഷ്യത്വവിരുദ്ധ ‘സ്ഥാപനം’ പലപ്പോഴും ഹിറ്റ്‌ലറുടെ കാലത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ വരെ ഓര്‍മപ്പെടുത്തുന്ന ക്രൂരതകള്‍ക്കാണ് സാക്ഷിയാവുന്നത്.

അമേരിക്കയില്‍ നടന്ന 9/11 ആക്രമണത്തിന് ശേഷം ‘തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ സന്ധിയില്ലാ യുദ്ധം’ എന്നുപറഞ്ഞ് അന്നത്തെ ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ നേതൃത്വത്തിലുള്ള അമേരിക്ക ആരംഭിച്ച ഈ തടവറ, നിരപരാധികളായ ഒരുപാട് പേരുടെ, മുസ്‌ലിങ്ങളുടെ ഇരുളറയായി മാറിയതിന് പിന്നില്‍ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്.

ഗ്വാണ്ടനാമോ തടവറ അതിന്റെ 20 ക്രൂരവര്‍ഷങ്ങള്‍ ‘കൊണ്ടാടുന്ന’ ഈ സമയത്ത്, പാകിസ്ഥാനില്‍ നിന്നുള്ള ഒരു മുസ്‌ലിം പൗരന്റെ ജീവിതത്തിലൂടെ ഗ്വാണ്ടനാമോയുടെ ചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും കണ്ണോടിക്കുകയാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ ഓബോണ്‍.

പീറ്റര്‍ ഓബോണ്‍ (Peter Oborne) മിഡില്‍ ഈസ്റ്റ് ഐക്ക് വേണ്ടി (Middle East Eye) തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ

                                          പീറ്റര്‍ ഓബോണ്‍

 

2002 സെപ്റ്റംബറില്‍ അഹ്മദ് റബ്ബാനി എന്ന് പേരുള്ള ഒരു പാകിസ്ഥാനി ടാക്‌സി ഡ്രൈവറെ അദ്ദേഹത്തിന്റെ കറാച്ചിയിലെ വീട്ടില്‍ നിന്നും പാകിസ്ഥാന്‍ അധികൃതര്‍ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യതലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കായിരുന്നു ഇദ്ദേഹത്തെ കൊണ്ടുപോയത്.

‘ഇരുണ്ട തടവറ’ (Dark Prison) എന്ന പേരില്‍ കുപ്രസിദ്ധി നേടിയ, അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനടുത്തുള്ള കൊബാള്‍ട്ടിലേക്കായിരുന്നു (Cobalt) പിന്നീട് റബ്ബാനിയെ കൊണ്ടുപോയത്. അവിടെ അമേരിക്കയുടെ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസായ സി.ഐ.എയുടെ (CIA) കസ്റ്റഡിയിലായിരുന്നു അദ്ദേഹം.

റബ്ബാനിയും അതുപോലുള്ള മറ്റ് പലരും കൊബാള്‍ട്ടില്‍ അനുഭവിച്ച യാതനകളെക്കുറിച്ച് ‘ദ സെനറ്റ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ഓണ്‍ ടോര്‍ചര്‍’ 10 വര്‍ഷം മുന്‍പ് പുറത്തുവന്നിരുന്നു.

കറുത്ത തുണികളാല്‍ കൊട്ടിയടച്ച് മറച്ചുവെച്ച ജനലുകളുള്ള മുറിയില്‍, അഫ്ഗാനിലെ മരംകോച്ചുന്ന തണുപ്പിലും ശരീരത്തിന് ചൂട് പകരാന്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്താതെയാണ് ഇവിടെ ജയില്‍പുള്ളികളെ പാര്‍പ്പിക്കുന്നത്.

കൈകള്‍ തലക്ക് മുകളിലായി ഉയര്‍ത്തിപ്പിടിച്ച്, അത് ജയില്‍കമ്പികളോട് കൂട്ടിക്കെട്ടിയാണ് ആളുകളെ തടവിലിടുന്നത്, ‘നിങ്ങള്‍ക്ക് ഒരിക്കലും വിശ്രമിക്കാനാവില്ല,’ എന്ന് അധികൃതര്‍ വിളിച്ചുപറയുന്നത് പോലെ…

ജയില്‍പുള്ളികളെ ഉറങ്ങാനനുവദിക്കാതെ എപ്പോഴും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെക്കുക, സിഗരറ്റ് കത്തിച്ച് തടവുപുള്ളികളുടെ ശരീരത്തില്‍ വെക്കുക, പൂര്‍ണനഗ്നരാക്കി ശരീരത്തിലേക്ക് ഹോസ് വഴി ശക്തിയായി വെള്ളം അടിക്കുക, തണുത്ത ജയിലറകളില്‍ ആളുകളെ നഗ്നരാക്കി കിടത്തുക- തുടങ്ങി നിരവധി ‘പ്രവര്‍ത്തികള്‍’ വേറെയുമുണ്ട്.

”കാല്‍വിരലുകള്‍ ഭൂമിയില്‍ തട്ടാന്‍ പറ്റാത്ത രീതിയില്‍ ദിവസങ്ങളോളം എന്റെ കൈകള്‍ ഇരുമ്പ് ബാറുകളോട് കൂട്ടിക്കെട്ടി തൂക്കിയിട്ടിരുന്നു,” എന്ന് 52കാരനായ അഹ്മദ് റബ്ബാനി തുറന്നുപറഞ്ഞിരുന്നു.

                                                     കൊബാള്‍ട്ടിന്‍റെ ആകാശദൃശ്യം

സ്പാനിഷ് കുറ്റാന്വേഷണ രീതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ള ഈ പീഡനരീതി ‘സ്ട്രപ്പാഡോ’ (Strappado) എന്ന പേരിലാണ് അറിയപ്പെടുന്നത്.

കൊബാള്‍ട്ടിലെ 540 ദിവസത്തെ പീഡനങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സൈന്യത്തിന്റെ കീഴിലുള്ള ഗ്വാണ്ടനാമോ ഉള്‍ക്കടലിലെ പട്ടാളജയിലിലേക്കാണ് (Guantanamo Bay Detention Camp) റബ്ബാനിയെ കൊണ്ടുപോയത്.

അമേരിക്കന്‍ നിയമങ്ങള്‍ ഈ ക്യൂബന്‍ ഓഫ്‌ഷോര്‍ മിലിറ്ററി ജയിലിന് ബാധകമല്ല, അതായത്, ശത്രുപക്ഷക്കാരെന്ന പേരില്‍, പ്രത്യേകിച്ച് കുറ്റങ്ങളോ വകുപ്പുകളോ ഒന്നും ചുമത്താതെ ആരെയും എത്രകാലം വേണമെങ്കിലും തടവിലിടാന്‍ അമേരിക്കന്‍ സര്‍ക്കാരിന് സാധിക്കും.

 

തെറ്റിദ്ധരിക്കപ്പെടുന്ന ഐഡന്റിറ്റികള്‍

അഹ്മദ് റബ്ബാനി നിരപരാധിയാണ്. 2012ലെ സെനറ്റ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, ഹസന്‍ ഗല്‍ എന്ന അല്‍-ഖ്വയിദ പ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിക്കപ്പെട്ടാണ് റബ്ബാനിയെ പിടികൂടുന്നത്.

ഇത്തരം തെറ്റിദ്ധാരണകളുടെ പേരില്‍ ആളുകളെ തടവിലിടുന്നതിന് പ്രശസ്തമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അമേരിക്ക. റബ്ബാനി ഇപ്പോഴും ഗ്വാണ്ടനാമോ തടവറയില്‍ തന്നെയാണുള്ളത്.

ഇതുപോലെ പീഡനങ്ങള്‍ അനുഭവിക്കുന്നതും അനുഭവിച്ചതുമായ നിരവധി പേരുണ്ട്. ഗ്വാണ്ടനാമോ ജയിലിന്റെ കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇത്തരത്തില്‍ ഏകദേശം 800 പേരെയാണ് തടവിലിട്ടിരിക്കുന്നത്.

റോഹിംഗ്യന്‍-പാകിസ്ഥാന്‍ പൗരനായ റബ്ബാനി, അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് 73 കിലോയോളം ശരീരഭാരമുണ്ടായിരുന്നയാളാണ്. തടവിലായതിന് ശേഷം നടത്തിയ നിരാഹാരസമരങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ 30 കിലോയാണ് അദ്ദേഹത്തിന്റെ ശരീരഭാരം.

‘തന്റെ 57 ശതമാനം ഭാരവും ഗ്വാണ്ടനാമോയില്‍ വെച്ച് ഒഴിഞ്ഞുപോയി’ എന്ന് വേണമെങ്കില്‍ അദ്ദേഹത്തിന് തമാശരൂപേണ പറയാം. മാനസികമായും ഏറെ കഷ്ടതകള്‍ അനുഭവിക്കുന്ന റബ്ബാനി പല പഴയ കാര്യങ്ങളും ഓര്‍മിച്ചെടുക്കാനും ബുദ്ധിമുട്ടുന്നുണ്ട്.

വ്യത്യസ്തമായ രീതിയിലാണെങ്കിലും അദ്ദേഹത്തിന്റെ കുടുംബവും ഏറെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. 18 വയസുകാരനായ റബ്ബാനിയുടെ മകന്‍ ജാവേദ് ഇതുവരെ സ്വന്തം പിതാവിനെ നേരിട്ട് കണ്ടിട്ടില്ല. ജാവേദിന്റെ ജനനത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു റബ്ബാനിയുടെ അറസ്റ്റ്.

കഴിഞ്ഞ ശരത്കാലം ഇസ്‌ലാമാബാദില്‍ വെച്ച് ഞാന്‍ ജാവേദിനെ നേരിട്ട് കണ്ടിരുന്നു. ഒരു കുട്ടി എന്ന നിലയില്‍ പിതാവിന്റെ അഭാവത്തെക്കുറിച്ച് എങ്ങനെയാണ് അമ്മ തനിക്ക് വിശദീകരിച്ച് തന്നതെന്ന് ജാവേദ് പറഞ്ഞു. സൗദി അറേബ്യയില്‍ ജോലിക്ക് പോയതാണ് പിതാവ് റബ്ബാനി എന്നാണ് ജാവേദിനോട് അവന്റെ അമ്മ പറഞ്ഞിരുന്നത്.

തന്റെ ആറാമത്തെ വയസിലാണ് ജാവേദ് ആദ്യമായി പിതാവ് അഹ്മദ് റബ്ബാനിയോട് സംസാരിക്കുന്നത്. സന്നദ്ധ സംഘടനയായ റെഡ് ക്രോസിന്റെ സഹായത്തോടെ നടത്തിയ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ടെലിഫോണ്‍ സംഭാഷണമായിരുന്നു അത്.

ആ സംഭാഷണത്തിനിടെ, താന്‍ ജയിലിലാണുള്ളതെന്ന് റബ്ബാനി മകനോട് തുറന്നുപറഞ്ഞു.

”എന്തിനാണ് നിങ്ങള്‍ ജയിലില്‍ കഴിയുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. തെറ്റ് ചെയ്യുന്ന, മോശം ആളുകള്‍ക്ക് കഴിയാനുള്ളതാണല്ലോ ജയില്‍. ഇത് കേട്ട അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല, ചിരിക്കുക മാത്രമാണ് ചെയ്തത്,” ജവാദ് പറഞ്ഞു.

പിതാവ് ജയിലിലാണുള്ളതെന്ന ആ ‘പുതിയ അറിവ്’, കൗമാരത്തിലേക്ക് കടന്ന സമയത്ത് തന്നെ മാനസികമായി ഏറെ ബാധിച്ചതായി ജവാദ് പറഞ്ഞിരുന്നു.

”13ഓ 14ഓ വയസുള്ളപ്പോള്‍ ഞാന്‍ ഡാര്‍ക് വെബിലെത്തി. ചൂഷണം ചെയ്യപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന ആളുകള്‍, അവര്‍ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത്- തുടങ്ങി ഡാര്‍ക് വെബില്‍ കിട്ടാവുന്ന വിവരങ്ങളെക്കുറിച്ചൊക്കെയുള്ള വീഡിയോകള്‍ ഞാന്‍ തിരഞ്ഞ് കണ്ടു,” ജവാദ് പറഞ്ഞു.

                                                                                    ജവാദ്

ആളുകളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിന്റെ, ഉപദ്രവിക്കുന്നതിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഗ്രൂപ്പുകളില്‍ ഞാന്‍ അംഗമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ എങ്ങനെയായിരിക്കും എന്റെ പിതാവിനെ ജയിലില്‍ ഉപദ്രവിക്കുന്നത് എന്നത് സംബന്ധിച്ച് എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. എനിക്ക് അറിയാമായിരുന്നു.

ഒരു ഘട്ടത്തില്‍ എന്റെ പിതാവ് എന്തെങ്കിലും തെറ്റ് ചെയ്തിരിക്കും, അതുകൊണ്ടാണ് അദ്ദേഹം ജയിലില്‍ പീഡിപ്പിക്കപ്പെടുന്നത് എന്നുവരെ ഞാന്‍ കരുതിയിരുന്നു. ഒരു കാരണവുമില്ലാതെ ആരും ഒരാളെ ഇങ്ങനെ പീഡിപ്പിക്കില്ലല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

രാത്രികളില്‍ ഞാന്‍ എന്റെ മുറിയില്‍ കിടന്ന് കരഞ്ഞിട്ടുണ്ട്. 18 വര്‍ഷത്തോളമായി ഞാന്‍ അച്ഛനില്ലാതെ ജീവിക്കുകയാണ്. ആ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അച്ഛന്റെ സാന്നിധ്യമോ കെയറോ സംരക്ഷണമോ സ്‌നേഹമോ പണമോ, ഒന്നും തന്നെ കിട്ടാതെ വളര്‍ന്ന് വന്നാല്‍ എവിടെയായിരിക്കും നിങ്ങള്‍ ഉണ്ടാവുക,” ജവാദ് പറയുന്നു.

 

നിയമം ഉപേക്ഷിക്കപ്പെടുമ്പോള്‍

വളര്‍ന്നുവരവെ ജവാദ് കൂടുതല്‍ അന്തര്‍മുഖനായി വന്നു. സ്വന്തം കുടുംബസാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാനാവാത്തതിനാല്‍ അവന് സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല.

ഗ്വാണ്ടനാമോ ജയിലില്‍ തടവില്‍ കഴിയുന്ന 80ലധികം പേരുടെ അഭിഭാഷകനായിരുന്ന ക്ലൈവ് സ്റ്റഫോര്‍ഡ് സ്മിത്ത് എന്ന ബ്രിട്ടീഷ് പൗരനെ പരിചയപ്പെട്ടതാണ് ജവാദിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ”അതിന് ശേഷമാണ് ‘എന്റെ അച്ഛന്‍ നിരപരാധി’യാണെന്ന് ഞാന്‍ മനസിലാക്കിയത്.

ജയിലിലാണ് എന്നുള്ള ഒറ്റക്കാരണം കൊണ്ട് അച്ഛനെക്കുറിച്ചോര്‍ത്ത് അപമാനിച്ച് തലകുനിക്കേണ്ടതില്ല എന്നും ഞാന്‍ മനസിലാക്കി,” – ജവാദിന്റെ വാക്കുകള്‍.

ഇത് ഒരു പ്രതിരോധത്തിന്റെ കഥയാണ്.

അതിരുകടന്ന് ചോദ്യം ചെയ്യുന്നതും അന്യായമായി തടങ്കിലിടുന്നതും പീഡിപ്പിക്കുന്നതുമായ തങ്ങളുടെ രീതിയിലൂടെ, നിയമസംവിധാനത്തെ മുഴുവനായും ഉപേക്ഷിച്ചിരിക്കുകയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക.

‘ഭീകരവാദത്തിനെതിരായ യുദ്ധം’ എന്ന് സ്വയം വിശേഷിപ്പിച്ച് അവതരിക്കുന്ന ഗ്വാണ്ടനാമോ തടവറകള്‍, നിയമവിരുദ്ധമായി ഒരാളെയും തടവിലിടാന്‍ പാടില്ല എന്ന ഹേബിയസ് കോര്‍പസ് നിയമത്തെ പൂര്‍ണമായും നിരാകരിക്കുന്ന ഒന്നാണ്.

 

ഗ്വാണ്ടനാമോക്ക് പിന്നിലെ മൃഗീയതയും പൈശാചികതയും

ഗ്വാണ്ടനാമോയിലെ എല്ലാ തടവുപുള്ളികളും മുസ്‌ലിങ്ങളായിരുന്നു, മുസ്‌ലിങ്ങളാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2002 ജനുവരി 11നാണ് അവിടെ ആദ്യത്തെ 20 തടവുപുള്ളികള്‍ എത്തുന്നത്.

ഭീകരവാദം എന്നത് ഒരു മുസ്‌ലിം കുറ്റകൃത്യമാണ് എന്നാണ് ഗ്വാണ്ടനാമോ ചിത്രീകരിക്കുന്നത്.

ഗ്വാണ്ടനാമോ ജയില്‍ ഇന്ന് തുറന്നുകിടക്കുകയാണ്. ഈ നിമിഷവും നിരപരാധികളായ നിരവധി പേര്‍ അവിടത്തെ സെല്ലുകളില്‍ കഴിയുന്നുണ്ട്.

നിരപരാധികളായ മുസ്‌ലിങ്ങള്‍ക്ക് മേല്‍ നിരന്തരം അഴിച്ചുവിടുന്ന മൃഗീയതയുടെയും പൈശാചികതയുടെയും ഓര്‍മപ്പെടുത്തലായി ഗ്വാണ്ടനാമോ തടവറ അവിടെ നിലകൊള്ളുകയാണ്.

അമേരിക്കക്ക് നേരെ നടന്ന 2001ലെ സെപ്റ്റംബര്‍ ആക്രമണത്തിന് ശേഷം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ഉത്ഭവിക്കുകയും ഇന്ന് ലോകമെമ്പാടും പടര്‍ന്ന് പിടിക്കുകയും ചെയ്തിരിക്കുന്ന ഇസ്‌ലാമോഫോബിയ ആണ് ഈ പൈശാചികതക്ക് പിന്നിലെ മൂലകാരണമായി പ്രവര്‍ത്തിക്കുന്നത്.

9/11 ആകമണത്തിന് ശേഷം, മുസ്‌ലിങ്ങള്‍ മൗലികമായ മനുഷ്യാവകാശങ്ങള്‍ പോലും അര്‍ഹിക്കുന്നില്ല, എന്ന വികാരം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചിട്ടുമുണ്ട്.

യാദൃശ്ചികതയായിരിക്കാം, ഞാന്‍ ജവാദിനെ അഭിമുഖം ചെയ്ത ആ ദിവസത്തെ സായാഹ്നത്തില്‍, രണ്ട് പതിറ്റാണ്ട് നീണ്ട തടവിന് ശേഷം അഹ്മദ് റബ്ബാനിയെ വെറുതെ വിടാന്‍ അമേരിക്കന്‍ അധികൃതര്‍ തീരുമാനിച്ചതായി വാര്‍ത്ത പുറത്തുവന്നു.

എന്നാല്‍ ഇത് വലിയ പ്രതീക്ഷയായി കാണാനാവില്ല. കാരണം ഒരു പതിറ്റാണ്ടിന് മുമ്പ് തന്നെ റിലീസിന് വേണ്ടി ഷെഡ്യൂള്‍ ചെയ്യപ്പെടുകയും എന്നാല്‍ ഇതുവരെ പുറത്തിറങ്ങാന്‍ സാധിക്കാത്തവരുമായ തടവുപുള്ളികള്‍ ഇപ്പോഴും ഗ്വാണ്ടനാമോയിലുണ്ട്. ഇക്കാര്യത്തില്‍ തൃപ്തികരമായ ഒരു വിശദീകരണവും അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

ജവാദിനെ സംബന്ധിച്ചിടത്തോളം, തന്റെ പിതാവിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി കൊതിച്ചിരിക്കുകയാണ് അവന്‍. സ്വദേശമായ കറാച്ചിയില്‍ പിതാവിനൊപ്പം ഒരു റസ്റ്ററന്റ് തുടങ്ങണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടി അവന് അധികം കാത്തിരിക്കേണ്ടി വരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം…

മൊഴിമാറ്റം: നീതു രമമോഹന്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Guantanamo; An enduring symbol of the savagery unleashed upon innocent Muslims, Peter Oborne writes