| Wednesday, 22nd November 2023, 8:41 pm

നിഗൂഢത ഒളിപ്പിച്ച് 'ഗു', ഫാന്റസി ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണുകളിൽ നിഴലിക്കുന്ന പേടിയുടെ ഇരുണ്ട മുഖം, ചുറ്റും പരന്ന ഇരുട്ടിൽ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യം. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിക്കുന്ന ‘ഗു’ എന്ന ഫാന്റസി ഹൊറർ ചിത്രത്തിന്റെതായ് എത്തിയ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ വേറെയും നിരവധി കുട്ടികൾ സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധേ നേടിയിരുന്നു.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കുമൊപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്.

സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ബി. ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ. ഹരികുമാർ‍, വി.എഫ്.എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ്. ആർ, മാർക്കറ്റിങ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാൻറ്.

Content Highlight: Gu Malayalam Movie First Look Poster

We use cookies to give you the best possible experience. Learn more