ന്യൂദല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണ കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി കേസ് പരിഗണിക്കുന്ന ജഡ്ജി ശിവ്പാല്‍ സിംഗ്.
ലാലുന് വേണ്ടി അദ്ദേഹത്തിന്റെ അനുനായി നിരവധി തവണ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടുവെന്നാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസ് പരിഗണിക്കുന്ന ജഡ്ജി ശിവപാലിന്റെ വെളിപ്പെടുത്തല്‍. അതേ സമയം ഫോണ്‍ കോളില്‍ എന്താണ് ആവശ്യപ്പെട്ടതെന്ന് വിശദീകരിക്കാന്‍ ജഡ്ജി തയ്യാറായില്ല.
കേസില്‍ ലാലുവിന്റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയതിന് പിന്നാലെയാണ് ശിവ്പാല്‍ സിംഗിന്റെ വിളിപ്പെടുത്തല്‍. പ്രത്യേക സി.ബി.ഐ കോടതിയാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലുവിന്റെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റിയിരിക്കുന്നത്. കേസില്‍ ലാലു ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം ഇപ്പോള്‍ റാഞ്ചിയിലെ ബിസ്രമുണ്ട ജയിലില്‍ കഴിയുന്ന ലാലുവിന് പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 70 വയസ്സുകാരനായ അദ്ദേഹം നിരവധി രോഗങ്ങള്‍ക്കുടമയാണ്. അതുകൊണ്ട് പരമാവധി കുറഞ്ഞ ശിക്ഷ നല്‍കമമെന്നായിരുന്നു അഭിഭാഷകന്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടതത്. എന്നാല്‍ ലാലുവിന് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.
മുഖ്യമന്ത്രിയായിരിക്കെ 1991-94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്.