ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജി.എസ്.ടി രാജ്യത്തെ തൊഴിലിനേയും ബിസിനസിനേയും കൊന്നുകളഞ്ഞു എന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന മീറ്റിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.
നോട്ട് നിരോധനം സംഘടിതമായ കൊള്ളയായിരുന്നുവെങ്കില്‍ ജി.എസ്.ടി സാധാരണക്കാരന്റെ ഉപജീവന മാര്‍ഗ്ഗം വരെ ഇല്ലാതാക്കിയെന്നും രാജ്യത്തെ വ്യാപര രംഗത്തെ തകര്‍ത്തെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ജി.എസ്.ടിയുടെ പാളിയ പദ്ധതിയും സങ്കീര്‍ണതയും രാജ്യത്തെ ജോലികളേയും ബിസിനസിനേയും കൊന്നു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും എല്‍പ്പിച്ച ഇരട്ട ആഘാതത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. നവംബര്‍ എട്ടാം തിയ്യതി കേന്ദ്രം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിനെതിരെയും രാഹുല്‍ രംഗത്തെത്തി. നോട്ട് നിരോധനം ഒരു ദുരന്തമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അത് അംഗീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
” നവംബര്‍ എട്ട് ഇന്ത്യയ്ക്ക് ദു:ഖദിനമാണ്. എന്നാല്‍ ബി.ജെ.പി പറയുന്നത് അവര്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്നാണ്. ആഘോഷിക്കാന്‍ മാത്രം എന്താണതിലുള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല.” രാഹുല്‍ പറയുന്നു.
പ്രധാനമന്ത്രി ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും ജനങ്ങളെ മരണത്തിലേക്ക് നയിച്ച തീരുമാനത്തെ ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും രാഹുല്‍ പറഞ്ഞു. “രാജ്യത്തെ പാവപ്പെട്ടവര്‍ കടന്നു പോയ വേദനകളെ മനസിലാക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സാധിച്ചിട്ടില്ല. യഥാര്‍ത്ഥ്യത്തെ അദ്ദേഹം ഇനിയും അംഗീകരിച്ചിട്ടില്ല. നോട്ട് നിരോധനം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.” രാഹുല്‍ പറഞ്ഞു.
നേരത്തെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം രാഹുല്‍ വിളിച്ച് ചേര്‍ത്തിരുന്നു. നവംബര്‍ എട്ട് കരിദിനമായി ആചരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധത്തിന് രാഹുല്‍ പദ്ധതിയിടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.