ന്യൂദല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന ഏകീകൃത നികുതി സംവിധാനമായ ജി.എസ്.ടിയില്‍ പൂര്‍ണ്ണമായ അഴിച്ചുപണി വേണ്ടിവരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ. പന്ത്രണ്ടിലേറെ നികുതികളുടെ ഏകീകൃതരൂപമായ ജി.എസ്.ടി സാധാരണ നിലയിലാകാന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും ആധിയ കൂട്ടിച്ചേര്‍ത്തു.
പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആധിയയുടെ പരാമര്‍ശം. ചെറുകിട- ഇടത്തരം വ്യാപാരികള്‍ക്കു മേലുള്ള നികുതിഭാരം കുറയ്ക്കാന്‍ ജി.എസ്.ടി നികുതി നിരക്കില്‍ സമ്പൂര്‍ണമായ അഴിച്ചുപണി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; പ്രതികള്‍ പിടിയില്‍
“ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചെങ്കിലും ബാക്കിയുള്ളവയെല്ലാം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണമായും സാധാരണഗതിയിലാവാന്‍ ഇനിയും ഒരു വര്‍ഷമെടുക്കും.”
ജി.എസ്.ടിയില്‍ ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും വലിയ ബാധ്യത വരുത്തുന്ന ഇനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. അവയെ ഒഴിവാക്കുകയാണെങ്കില്‍ ജി.എസ്.ടിക്ക് കുറച്ചുകൂടി സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ ഇനങ്ങളെയാണ് പുനക്രമീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഫിറ്റ്‌മെന്റ് കമ്മറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജിഎസ്.ടി നടപ്പാക്കി നാലു മാസത്തിനിടെ തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. അവ ജി.എസ്.ടി കൗണ്‍സില്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ജി.എസ്.ടി റിട്ടേണുമായി ബന്ധപ്പെട്ടും നികുതി അടയ്ക്കുന്നത് സംബന്ധിച്ചും ചെറുകിട- ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വ്യാപാരസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ വേണ്ടവിധത്തിലുള്ള മുന്നൊരുക്കങ്ങളില്ലാതെയാണ് ജി.എസ്.ടി നടപ്പാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.