| Saturday, 28th July 2018, 8:16 am

പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് 100 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ്; സംസ്ഥാനത്തെ ഏറ്റവും വലിയ വെട്ടിപ്പെന്ന് ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കോടികളുടെ ജി.എസ്.ടി വെട്ടിപ്പ്. പേരിനു മാത്രം ജി.എസ്.ടി റജിസ്‌ട്രേഷന്‍ ഉള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിര്‍മാണത്തിനുപയോഗിക്കുന്ന വെനീറും ഇതര സംസ്ഥാനങ്ങളിലേക്കു കയറ്റിയയച്ചാണു തട്ടിപ്പു നടത്തിയത്. സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സാണ് തട്ടിപ്പ് കണ്ടെത്തിയത്.

കണ്ടെത്തിയത് നൂറു കോടിയോളം രൂപയുടെ വെട്ടിപ്പാണെന്നും ജി.എസ്.ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ വെട്ടിപ്പാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്ലൈവുഡ് ഫാക്ടറികളില്‍ ഇന്നലെ രാത്രി വൈകിയും തുടരുന്ന പരിശോധനയില്‍ തീരെ ഉല്‍പാദനമില്ലാത്ത അഞ്ച് സ്ഥാപനങ്ങളുടെ ബില്ലുകളടക്കം ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു. പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണിതിനു പിറകിലെന്നും സി.ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.


Read Also : ഹനാനെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖ് അറസ്റ്റില്‍


ഹൈദരാബാദ്, കോയമ്പത്തൂര്‍, ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ സിജിഎസ്ടി ഇന്റലിജന്‍സ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു. ഈ ബില്ലുകള്‍ ഉപയോഗിച്ച് ജി.എസ്.ടിയില്‍നിന്ന് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്തെന്നും ബില്ലില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികള്‍ സി.ജി.എസ്.ടി ഉദ്യോഗസ്ഥരോടു സമ്മതിച്ചിട്ടുണ്ട്.

വ്യാജ ബില്ലുകളില്‍ പ്രതിദിനം മുപ്പതിലധികം ലോഡ് ചരക്കുകള്‍ പെരുമ്പാവൂരില്‍നിന്നു പോയതായി അധികൃതര്‍ കണക്കാക്കുന്നു.

We use cookies to give you the best possible experience. Learn more