കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സംസ്ഥാനത്തെ എന്നല്ല രാജ്യത്തെ തന്നെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. പദവികളുടെ പടവുകള്‍ ഓരോന്നായി കയറുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ശുചീകരണതൊഴിലാളികള്‍ എന്നാല്‍ അത്ര സന്തോഷത്തിലല്ല. ശമ്പളം കുടിശികയായിട്ട് മാസങ്ങളായി. ഇതൊക്കെ ആരോടെങ്കിലും പരാതിപ്പെടാന്‍ പോലും ധൈര്യമില്ല ഇവര്‍ക്ക്. വലിയ വാര്‍ത്തയാകുകയോ മറ്റോ ചെയ്താല്‍ ഉള്ള ജോലിയും നഷ്ടമാകുമെന്ന പേടിയാണിവര്‍ക്ക്.
വിഷയത്തെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോഴും ആദ്യം ഒന്നും പറയാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. കരാറുകാരന്‍ ഏര്‍പ്പാടാക്കിയ ആളുകളാണെന്ന് തെറ്റിദ്ധരിച്ചാണ് സ്വന്തം ദുരിതത്തെക്കുറിച്ച് പറയാന്‍ പോലും തൊഴിലാളികള്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കരാറുകാരന്‍ പരാതികള്‍ പറയുന്നുണ്ടോ എന്നറിയാന്‍ ആക്കിയ ആളാകും എന്ന സംശയമായിരുന്നു തൊഴിലാളികള്‍ക്ക്.
കുറച്ചധികം സമയം അവരുമായി സംസാരിച്ച ശേഷമായിരുന്നു തങ്ങളുടെ ശമ്പള കുടിശ്ശികയെക്കുറിച്ചും നാലുമാസമായി അനുഭവിക്കുന്ന കഷ്ടടപ്പാടുകളെക്കുറിച്ചും തൊഴിലാളികള്‍ സംസാരിച്ചു തുടങ്ങിയത്. അതും പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്‍മേല്‍.
ട്രാക്കിലേയും പ്ലാറ്റ്‌ഫോമിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജിവിക്കുന്ന ഇവര്‍ മറ്റു വഴിയില്ലാത്തതിനാലാണ് ശമ്പളമില്ലാതെ നാലുമാസമായിട്ടും തുടര്‍ന്നും ജോലി ചെയ്യുന്നത്. ഓണത്തിനു തൊട്ടുമുന്‍പായി മുടങ്ങിയ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആഗസ്റ്റ് മാസം മുതല്‍ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ചോദിച്ചാല്‍ ഇന്നു തരാം നാളെ തരാം എന്നു പറയും. ഈ വര്‍ഷത്തെ ഓണം വറുതിയിലായിരുന്നു. ഞങ്ങള്‍ക്കുമില്ലേ ബുദ്ധിമുട്ടുകള്‍.? ” തൊഴിലാളികള്‍ ചോദിക്കുന്നു.
സ്റ്റേഷനില്‍ ഓടി നടന്നാണ് ജോലിചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. പ്ലാറ്റ്‌ഫോം അങ്ങനെ വൃത്തികേടാക്കിയിടാറില്ലെന്നും തുടര്‍ച്ചയായി വൃത്തിയാക്കി കൊണ്ടുനടക്കാറുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. ഒരു സ്ഥലത്ത് വൃത്തിയാക്കി കഴിഞ്ഞ്് അല്‍പ സമയത്തിനകം തന്നെ അവിടെ വൃത്തികേടാകും. ഉടനെ അവിടെ തന്നെ പോയി വീണ്ടും വൃത്തിയാക്കും. എന്നാല്‍ അതിനൊന്നും ഇവര്‍ക്കൊരു പരാതിയുമില്ല. എടുക്കുന്ന ജോലിയ്ക്ക് കൃത്യമായ ശമ്പളമോ മറ്റ് ആനുകൂല്യമോ ലഭിച്ചാല്‍ മാത്രം മതിയെന്നാണ് ഇവര്‍ പറയുന്നത്.
2017 ലേ കോണ്‍ട്രാക്ട് അവസാനിച്ചപ്പോള്‍ കരാറുകാരന്‍ മടങ്ങിയത് തൊഴിലാളികളുടെ പി.എഫും ഇ.എസ്.ഐയും നല്‍കാതെയായിരുന്നു. പി.എഫിനും ഇ.എസ്.ഐയ്ക്കുമുള്ള തുക ശമ്പളത്തില്‍ നിന്ന് ഈടാക്കിയ ശേഷമായിരുന്നു കരാറുകാരന്‍ ഇത് നല്‍കാതെ മടങ്ങിയത്. റെയില്‍വെ ശുചീകരണത്തിനുള്ള കോണ്‍ട്രാക്ട് ഈ കാലയളവില്‍ “സണ്‍ ഫെസിലിറ്റീസ് സര്‍വീസ്” എന്ന കമ്പനിക്കായിരുന്നു. ഇവരുടെ കരാര്‍ 2017 ഏപ്രില്‍ മാസത്തിലാണ് അവസാനിച്ചിരുന്നത്.
പിന്നീട് സബ് കരാര്‍ അടിസ്ഥാനത്തില്‍ ഒരുമാസത്തേയ്ക്കും 50 ദിവസത്തേയ്ക്കുമാണ് കോണ്‍ട്രാക്ട് നല്‍കുന്നത്. പുതിയ കരാറു കാരന്‍ വന്നശേഷം ദിവസക്കൂലിയായ 448 രൂപ ആദ്യമാസം മാത്രമെ ലഭിച്ചിരുന്നുള്ളൂവെന്നും പിന്നീട് ഇതു മുടങ്ങുകയായിരുന്നെന്നും തൊഴിലാളികള്‍ പറഞ്ഞു.
പിന്നീടുള്ള മാസങ്ങളില്‍ തങ്ങളുടെ കൂലിയായ 448 രൂപയില്‍ നിന്ന് 16 മുതല്‍ 18 രൂപ വരെ പിടിക്കാന്‍ തുടങ്ങിയെന്നും തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ നാലുമാസമായി ശമ്പളം കിട്ടിയില്ലെന്ന് തൊഴിലാളികള്‍ പറയുമ്പോഴും രേഖകളില്‍ ഇവര്‍ ശമ്പളം കൈപ്പറ്റിയിട്ടുണ്ടെന്നാണുള്ളത്. ഈ രേഖയില്‍ ഒപ്പുവെച്ചതായി തൊഴിലാളികള്‍ക്കും ഓര്‍മ്മയുണ്ട്. എന്നാല്‍ ശമ്പളത്തില്‍ നിന്നും കുറച്ച് രൂപ പിടിക്കാനുള്ള രേഖയിലാണ് ഒപ്പു വച്ചതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നെന്നാണ് തൊഴിലാളികളുടെ ഭാഷ്യം.
“കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ ഓഫീസര്‍ വന്നിരുന്നു. വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.” തൊഴിലാളികള്‍ പറയുന്നു.
അതേസമയം തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്ന കാര്യം കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി നേതാവ് (സി.ഐ.ടി.യു) തമ്പിയും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന പി.എഫ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട നടപടി ചെയ്യുന്നുണ്ടെന്നും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും പറഞ്ഞ തമ്പി ഉടന്‍ തന്നെ പി.എഫ് തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തൊഴിലാളികളുടെ കാര്യം വളരെ കഷ്ടമാണെന്നാണ് യൂണിയനിലെ മറ്റു നേതാക്കളുടെയും പക്ഷം. മനുഷ്യവിസര്‍ജ്യം വീണുകിടക്കുന്ന റെയില്‍വെ ട്രാക്കടക്കം വൃത്തിയാക്കുന്നവരാണ് ശുചീകരണത്തൊഴിലാളികളായ സ്ത്രീകളെന്നും അവരോട് ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ ശമ്പളം ഇത്തരത്തില്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും നേതാക്കള്‍ വ്യക്തമാക്കി.
“എന്റെ ഉമ്മയോ ഭാര്യയോ സഹോദരിയോ ആണെങ്കില്‍ ഞാനൊരിക്കലും അവരെ ഈ ജോലി ചെയ്യാന്‍ വിടില്ല. അത്രയ്ക്ക് കഷ്ടമാണ് ഇവരുടെ അവസ്ഥ. ഈ റെയില്‍വെ സ്റ്റേഷന്‍ ഇത്രയ്ക്ക് വൃത്തിയായി കിടക്കുന്നത് ഇവരുടെ അധ്വാനം കൊണ്ടാണ്. അവര്‍ക്ക് ഒരു നിമിഷം പോലും ശമ്പളം വൈകിക്കുന്നത് ശരിയല്ല,” തൊഴിലാളി യൂണിയന്റെ ജില്ലാകമ്മിറ്റി നേതാക്കള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തൊഴിലാളികള്‍ക്ക് കരാറുകാരന്‍ തുക നല്‍കാനിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷും പറയുന്നത്. എന്നാല്‍ അത് കഴിഞ്ഞ ദിവസം മുതല്‍ കൊടുത്തുതുടങ്ങിയിട്ടുണ്ടെന്നും പത്ത് ദിവസത്തിനുള്ളില്‍ ബാക്കിയുള്ളത് കൂടി കൊടുക്കുമെന്നാണ് കരാറുകാരന്‍ പറഞ്ഞതെന്നും ഹെല്‍ത്ത് ഇന്‍സപെക്ടര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
നേരത്തെ റെയില്‍വെ സ്റ്റേഷന്‍ എവണ്ണാക്കി ഉയര്‍ത്തിയപ്പോള്‍ തൊഴിലാളികളുടെ കൂലി 300 രൂപയില്‍ നിന്ന് 448 ആക്കി ഉയര്‍ത്തിയിരുന്നു. ഇതാണ് പി.എഫ് മുടങ്ങാന്‍ കാരണമെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം പുതിയ കമ്പനിയുടെ കോണ്‍ട്രാക്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“സണ്‍ ഫെസിലിറ്റീസ് സര്‍വീസ് കരാര്‍ ഏറ്റെടുക്കുമ്പോള്‍ 300 രൂപയായിരുന്നു തൊഴിലാളികളുടെ ദിവസക്കൂലി. എന്നാല്‍ പിന്നീട് ഇത് 448 ആയി ഉയര്‍ത്തിയപ്പോള്‍ കമ്പനിക്ക് വലിയ ബാധ്യതയാണ് വന്നു ചേര്‍ന്ന്ത ഇത് പറഞ്ഞാണ് അവര്‍ പി.എഫ് തിരിച്ച നല്‍കാതിരുന്നത്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് തീരുമാനമായാലുടന്‍ തൊഴിലാളികള്‍ക്ക് അത് വിതരണം ചെയ്യും. ഏപ്രിലില്‍ ആണ് പഴയ കരാര്‍ കഴിഞ്ഞത്. പുതിയ കരാര്‍ അടുത്ത വര്‍ഷമായിരിക്കും ഉണ്ടാകുക.” സജീഷ് പറഞ്ഞു.
നിലവിലുള്ള കരാറുകാരന്‍ ശുചീകരണ തൊഴിലാളികളുടെ ഇടയില്‍ നിന്നുള്ള ആളാണെന്നും അയാള്‍ മനപൂര്‍വം കൂലി വൈകിക്കുന്നത് അല്ലെന്നുമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. പേപ്പര്‍ വര്‍ക്കുകള്‍ ശരിയാകാന്‍ വന്ന കാലതാമസത്തിനെത്തുടര്‍ന്ന് ബില്ലുമാറുന്നതിലുണ്ടായ പ്രശ്‌നമാണ് കൂലിവൈകുന്നതിലേക്ക് നയിച്ചതെന്ന് പറയുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റാരും ഈ കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ക്കിടയിലുള്ള മണി ഇതിനു തയ്യാറായതെന്നും പറഞ്ഞു.
താന്‍ തൊഴിലാളികളുടെ കൂലി മനപ്പൂര്‍വ്വം വൈകിപ്പിക്കുന്നതല്ലെന്ന് അവകാശപ്പെട്ട കരാറുകാരനായ മണി ജി.എസ്.ടിയാണ് തന്നെയും തൊഴിലാളികളെയും ഈയൊരു അവസ്ഥയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ജി.എസ്.ടി നടപ്പിലായതോടെ ഒരുപാട് ഫോര്‍മാലിറ്റിയാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. ഈ പ്രക്രിയകളിലൂടെ കടന്നു പോകേണ്ടി വന്നതിലുണ്ടായ താമസമാണെന്നും തന്റെ പേപ്പറുകള്‍ ശരിയാക്കാന്‍ തന്നെ പലതവണ അലയേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
” ജി.എസ്.ടി ആണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. ജി.എസ്.ടിയുടെ കടലാസ് തയ്യാറാക്കാന്‍ കാലതാമസമുണ്ടായപ്പോഴാണ് ശമ്പളം വൈകുന്ന സ്ഥിതിയുണ്ടായത്. 18 ശതമാനമാണ് ഇടപാടുകള്‍ക്കായി ജി.എസ്.ടി വരുന്നത്.” മണി പറയുന്നു.
തൊഴിലാളികള്‍ ആരോപിക്കുന്നതുപോലെ അവരുടെ കൈയില്‍ നിന്നും ഒരു രേഖയും ഒപ്പിട്ടു വാങ്ങിയിട്ടില്ലെന്നും മണി പറഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 68 ഓളം പേരായിരുന്നു ശുചീകരണത്തൊഴിലാളികളായിട്ടുണ്ടായത്. എന്നാല്‍ പിന്നീടത് 28 പേരാക്കി ചുരുക്കി. റിസര്‍വായി ജോലിയ്ക്ക് എടുക്കുന്നവരടക്കം നിലവില്‍ 40 ഓളം പേരാണ് ഉള്ളത്. പുതിയ കരാറുകാര്‍ അടുത്ത വര്‍ഷം മുതല്‍ കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നുണ്ടെന്ന് മണിയും വ്യക്തമാക്കി.
കരാറുകാരനായ മണിയും 28 തൊഴിലാളികളില്‍ ഒരാളാണ്. സ്റ്റേഷനില്‍ വന്ന് ജോലി ചെയ്യാറുണ്ടെന്നും മണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ കമ്പനിയുടെ കരാര്‍ അവസാനിച്ചപ്പോള്‍ താല്‍ക്കാലികമായി കരാര്‍ ഏറ്റെടുത്തതാണ് മണി. ഡിസംബറില്‍ ഇയാളുടെ കരാര്‍ ഒഴിയും. ശമ്പളം വൈകിയതിനുള്ള എല്ലാ കാരണവും ജി.എസ്.ടിയാണെന്നും മണി പറയുന്നു.
” തൊഴിലാളികള്‍ക്ക് വല്ല ബുദ്ധിമുട്ടുകളും നേരിട്ടുട്ടെങ്കില്‍ അതിനു കാരണം ജി.എസ്.ടിയാണ്. അതിന്റെ കടലാസുകള്‍ ശരിയാക്കാന്‍ ഒരുപാട് ഓടി നടന്നിട്ടുണ്ട്. പലതവണ കടലാസുകളൊന്നും ശരിയല്ലെന്ന പറഞ്ഞ് തിരിച്ചയച്ചിട്ടുണ്ട്. ജി.എസ്.ടി വല്ലാത്ത ഒരു അടിയായിപ്പോയി.”
ഏത് സര്‍ക്കാര്‍ കൊണ്ടു വന്നതാണെങ്കിലും സഹപ്രവര്‍ത്തകരുടെ ജീവിതത്തെ തന്നെ ജി.എസ്.ടി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ബുദ്ധിമുട്ട് അവര്‍ക്കൊപ്പം പണിയെടുക്കുന്ന തനിക്ക് നന്നായി അറിയാമെന്ന അവകാശപ്പെട്ട ഇയാള്‍ തൊഴിലാളികള്‍ക്ക് തന്റെ അവസ്ഥയും അറിയാമെന്നും എത്രയും വേഗം കുടിശ്ശിക തീര്‍ക്കാനായി പരിശ്രമിക്കുമെന്നും പറഞ്ഞു.
നേരത്തെ കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളും ഓണത്തിനു ലഭിക്കേണ്ട ബത്ത ലഭിച്ചില്ലെന്ന് പരാതി ഉയര്‍ത്തി സമരരംഗത്ത് എത്തിയിരുന്നു. 23 കരാര്‍ ജീവനക്കാരാണു കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. എല്ലാ മാസവും എട്ടാം തീയതിക്കു മുമ്പായി ശമ്പളം നല്‍കണമെന്നാണു ശുചീകരണത്തിനു കരാര്‍ എറ്റെടുത്തിരിക്കുന്ന കമ്പനിക്കു റെയില്‍വേ നിര്‍ദേശം നല്‍കിയതെങ്കിലും മിക്ക മാസങ്ങളിലും 15നുശേഷമാണു ശമ്പളം നല്‍കുന്നതെന്നു തൊഴിലാളികള്‍ ആരോപിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണത്തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമാണെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നിയന്ത്രണത്തിലാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
റെയില്‍വേ ട്രാക്ക്, റെയില്‍വേ ഫ്‌ളാറ്റ് ഫോം, പ്രധാനകവാടം, ഓട്ടോ സ്റ്റാന്‍ഡ്, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍, ഓഫീസ് റൂമുകള്‍ തുടങ്ങിയവ ഇവരാണു വൃത്തിയാക്കേണ്ടത്. റെയില്‍വേ ട്രാക്ക് ക്ലീനിംഗ് ചെയ്യുന്നത് ഏറെ അപകടകരമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത്രയേറെ ശ്രമകരമായ ജോലിയിലേര്‍പ്പെടുമ്പോഴും ചെയ്യുന്ന ജോലിക്ക് അര്‍ഹമായ കൂലി നല്‍കുന്നില്ലെങ്കിലും വാഗ്ദാനം ചെയ്യുന്നത് കൃത്യമായി നല്‍കണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.