മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി വകുപ്പ് നോട്ടീസയച്ചു. സ്‌റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നല്‍കാനാണ് നിര്‍ദേശം.
ജി.എസ്.ടിയുടെ കോഴിക്കോട് ഓഫീസില്‍ നിന്നാണ് അമ്മക്ക് നോട്ടീസ് അയച്ചത്.
അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന എന്ന നിലയ്ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നേരത്തെ അമ്മ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിരുന്നില്ല.
എന്നാല്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലക്കാണ് രജിസ്‌ട്രേഷന്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്റ്റേജ് ഷോകള്‍ അടക്കമുള്ള വിനോദ പരിപാടികളിലൂടെ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി.എസ്.ടി അടക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ജി.എസ്.ടി വകുപ്പ് നിര്‍ദേശിച്ചിരുന്നു. പിന്നീടാണ് സംഘടന ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തിയത്.
ഇതിന് പിന്നാലെയാണ് 2017 മുതല്‍ നടത്തിയ സ്റ്റേജ് ഷോകള്‍ അടക്കമുള്ള പരിപാടികളിലൂടെയും അതിന്റെ ചാനല്‍ റൈറ്റ് കൊടുത്തത് വഴിയും ലഭിച്ച വരുമാനത്തിനുള്‍പ്പെടെ ജി.എസ്.ടി അടക്കണം എന്ന് ഇപ്പോള്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ അമ്മ ഭാരവാഹികള്‍ ഉടന്‍ മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: GST notice to AMMA Association