ന്യൂദല്‍ഹി: മുപ്പതാമത് ജി.എസ്.ടി.കൗണ്‍സിലിന്‌റെ യോഗം നാളെ നടക്കും. കേരളത്തിനായി ദുരിതാശ്വാസ സെസ് പിരിക്കണമെന്ന സംസ്ഥാനത്തിന്‌റെ ആവശ്യമാണ് യോഗത്തില്‍ പ്രധാനമായും പരിഗണിക്കുക.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്‌റെ പുനര്‍നിര്‍മാണത്തിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ജി.എസ്.ടി.ക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. നിശ്ചിതകാലത്തേക്ക് ചില ഉത്പന്നങ്ങള്‍ക്കാകും സെസ് ചുമത്തുക.
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വിവിധവകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ നടക്കുന്ന ജി.എസ്.ടി. കൗണ്‍സിലോ മന്ത്രിതല സമിതിയോ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
സംസ്ഥാന ജി.എസ്.ടി.ക്കുമേല്‍ 10 ശതമാനം സെസ് ചുമത്തി 2000 കോടി രൂപ കണ്ടെത്താനാണ് കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കേരളത്തിനു മാത്രമായി ജി.എസ്.ടി.യുടെ വൈബ്‌സൈറ്റില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ചെറിയ ശതമാനം സെസ് ചുമത്താമെന്ന് നിര്‍ദേശിച്ചത്. സംസ്ഥാനം ലക്ഷ്യമിടുന്ന തുക ലഭ്യമാകുംവരെ സെസ് ഈടാക്കാനാണ് കേരളത്തിന്‌റെ ആവശ്യം
കേരളത്തില്‍ പ്രളയക്കെടുതി പഠിക്കാനെത്തിയ ലോകബാങ്ക്,എ.ഡി.ബി. പ്രതിനിധകളുടെ റിപ്പോര്‍ട്ട് പ്രകാരം 25,000കോടിയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കേന്ദ്രസമിതി അടുത്തയാഴ്ച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും.
WATCH THIS VIDEO