ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജി.എസ്.ടി ആണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. കോര്‍പ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയില്‍ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ രീതി സമ്പദ് വ്യവസ്ഥയുടെ മാന്ദ്യത്തിന് ഒരു പ്രധാന കാരണമാണെന്നായിരുന്നു ഡെബ്രോയ് പറഞ്ഞത്.
ജി.എസ്.ടി വളര്‍ച്ചയുടെ എത്ര ശതമാനത്തെ ബാധിച്ചുവെന്ന് സ്ഥിതിവിവരക്കണക്കില്‍ പറയാന്‍ കഴിയില്ലെന്നും എന്നാല്‍ മാന്ദ്യത്തിന് ജി.എസ്.ടി ഒരു പ്രധാന കാരണമാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചിട്ടുള്ള 3.3 ശതമാനം ധനക്കമ്മി ലക്ഷ്യം സര്‍ക്കാരിന് നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് എത്രത്തോളം നഷ്ടപ്പെടുമെന്ന് പറയാന്‍ പ്രയാസമാണൈന്നും എന്നാല്‍ ധനക്കമ്മി ലക്ഷ്യം നേടാനാവില്ലെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ വിഭാവനം ചെയ്തതിനേക്കാള്‍ കുറവായതിനാല്‍, ധനക്കമ്മി ഉയരുകയും 3.3 ശതമാനം ലക്ഷ്യം നേടാന്‍ സാധിക്കാതെ വരികയും ചെയ്യുമെന്നും ഡെബ്രോയ് വിശദീകരിച്ചു.
ആദായനികുതി നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും കാര്യമായ കുറവ് തന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തത്തിലുള്ള വളര്‍ച്ച ആറ് ശതമാനമാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ ആറ് ശതമാനത്തില്‍ കുറവുമാണ്. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയുടെ വ്യാപകമായ മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയെയും ബാധിക്കുന്നുണ്ടെന്നും ഈ വര്‍ഷം രണ്ടാം പകുതിയിലെ വളര്‍ച്ച 7.5 ശതമാനത്തില്‍ കൂടുതലാകുമെന്ന നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ നിലപാടിനോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കോര്‍പ്പറേറ്റ് നിരക്ക് നികുതി വെട്ടിക്കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഗുണം ചെയ്യില്ല. നിക്ഷേപങ്ങളുടെ കാര്യത്തില്‍ കാര്യമായ ഗുണമുണ്ടാക്കുമെന്ന് കരുതുന്നില്ല. ഡിമാന്‍ഡ് ഉത്തേജിപ്പിക്കുന്നതിന് മറ്റ് നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഡെബ്രോയ് പറഞ്ഞു.
Content Hilights: GST major cause of slowdown says Chairman of the PM’s Economic Advisory Council chairman