| Saturday, 22nd June 2024, 11:33 pm

റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്ക് ഇനി ജി.എസ്.ടിയില്ല; പ്രഖ്യാപനം കണ്ണില്‍പൊടിയിടാനെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം.

പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നി സേവനങ്ങളെയാണ് ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. മാസം 20,000 രൂപ വരെയുള്ള ഹോസ്റ്റലുകളെയാണ് ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.

ഈ ഇളവ് ലഭിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 90 ദിവസമെങ്കിലും ഹോസ്റ്റല്‍ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഹോട്ടലുകള്‍ ഈ ഇളവ് പ്രയോജനപ്പെടുത്തുന്നത് തടയാനാണ് ഈ നിബന്ധന കൊണ്ടുവന്നതെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ വ്യാപക വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍ എന്നത് കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകളും നിരന്തരമായി സംഭവിക്കുന്ന ട്രെയിന്‍ അപകടങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കണ്ണില്‍ പൊടിയിടുന്നതിനായാണ് പുതിയ പ്രഖ്യാപനമെന്നാണ് വിമര്‍ശനം.

ഇതിനുപുറമെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്.

24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ വര്‍ധിച്ച് വരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. അതിനാല്‍ സില്‍വര്‍ ലൈനിന്റെ പ്രസക്തി നിലവില്‍ വളരെ വലുതാണെന്നും കെ.എന്‍. ബാലഗോപോല്‍ കേന്ദ്രത്തോട് വ്യക്തമാക്കി.

Content Highlight: GST has been waived for various services in Railways

We use cookies to give you the best possible experience. Learn more