ന്യൂദല്‍ഹി: സാനിറ്ററി നാപ്കിനുകളെ നികുതിയില്‍ നിന്നുമൊഴിവാക്കി ജി.എസ്.ടി കൗണ്‍സില്‍ യോഗം. സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി പരിധിയില്‍ നിന്നും ഒഴിവാക്കാനാണ് യോഗത്തിലെടുത്ത തീരുമാനം. നേരത്തേ 12 ശതമാനം ജി.എസ്.ടി നികുതി ചുമത്തുന്ന ഇനങ്ങളുടെ പട്ടികയിലായിരുന്നു നാപ്കിനുകള്‍.
സാനിറ്ററി നാപ്കിനുകളെ നികുതിയില്‍ നിന്നുമൊഴിവാക്കണമെന്ന ആവശ്യം സ്ത്രീപക്ഷ സംഘടനകള്‍ കാലങ്ങളായി ശക്തമായി മുന്നോട്ടുവച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നികുതിയിനത്തില്‍ ഇളവുവരുത്തിയാല്‍ അത് നിര്‍മാതാക്കളെ പ്രതികൂലമായി ബാധിക്കുമെന്നു കാണിച്ച് പ്രതിരോധിക്കുകയായിരുന്നു സാമ്പത്തിക മന്ത്രാലയം ഇതുവരെ ചെയ്തത്.
ജി.എസ്.ടിക്കു മുന്‍പും ശേഷവും ഒരേ നികുതി നിരക്കാണ് നാപ്കിനുകള്‍ക്ക് ചുമത്തുന്നതെന്നായിരുന്നു നേരത്തേ മന്ത്രാലയം നല്‍കിയ വിശദീകരണം. ജി.എസ്.ടിക്ക് മുന്‍പ് എക്‌സൈസ് തീരുവയും വാറ്റും ചേര്‍ത്ത് 13.68 ശതമാനം നികുതി ചുമത്തിയത് ജി.എസ്.ടി വന്നതോടെ 12 ശതമാനമാവുകയാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ പക്ഷം.
Also Read: ശബരിമല സ്ത്രീപ്രവേശനം: നയരൂപീകരണത്തില്‍ തീരുമാനമാകാതെ ദേവസ്വം ബോര്‍ഡ്
എന്നാല്‍, വ്യാപക പ്രതിഷേധങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമൊടുവില്‍ നിലപാടില്‍ മാറ്റം വരുത്താന്‍ തീരുമാനമായിരിക്കുകയാണ്. വെന്‍ഡിങ്ങ് മെഷീനുകളുടെ നികുതി നിരക്കിലും മാറ്റം വരുത്തുമെന്ന് പ്രതീക്ഷയുണ്ട്.
മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുന്‍ഗാന്തിവാറാണ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ വിവരങ്ങള്‍ വിശദീകരിച്ചത്. ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയയും ലഘൂകരിച്ചിട്ടുണ്ട്.