മുംബൈ: മഹാരാഷ്ട്രയിലെ 600 ഏക്കറിലധികം വരുന്ന വനഭൂമി കൈവശപ്പെടുത്തി ഗുജറാത്തില്‍ നിന്നുള്ള ജി.എസ്.ടി കമ്മീഷണര്‍. ചന്ദ്രകാന്ത് വാല്‍വി എന്ന ഉദ്യോഗസ്ഥനാണ് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ താഴ്‌വാരങ്ങളിലെ 620 ഏക്കര്‍ ഭൂമി മുഴുവനായും ചന്ദ്രകാന്ത് വാല്‍വി വാങ്ങിയതായി വ്യക്തമാക്കുന്നു.
നന്ദുര്‍ബാര്‍ നിവാസിയായ ചന്ദ്രകാന്ത് വാല്‍വിയും ബന്ധുക്കളും ചേര്‍ന്ന് മഹാബലേശ്വറിന് സമീപമുള്ള ഝദാനി ഗ്രാമത്തെ മുഴുവനായി വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1976ലെ വനസംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നീ നിയമ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ജി.എസ്.ടി കമ്മീഷണര്‍ 620 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുള്ളത്.
തങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ചന്ദ്രകാന്ത് വാല്‍വി ഗ്രാമത്തിലുള്ളവരോട് പറഞ്ഞതായി പ്രാദേശിക സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് മോര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 3 വര്‍ഷമായി ഈ മേഖലകളില്‍ അനധികൃത നിര്‍മാണവും വന്‍തോതിലുള്ള ഖനനവും നടക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ അനധികൃത നിര്‍മാണത്തിനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു.
പല തവണ പരാതി നല്‍കിയിട്ടും ഒരു ഉദ്യോഗസ്ഥന്‍ പോലും സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1986, 1976, 1972 എന്നീ വര്‍ഷങ്ങളിലെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം വായു മലിനീകരണം, ജല മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
Content Highlight: GST Commissioner of Gujarat took possession of 620 acres of forest land in Maharashtra