ജി.എസ്.ടി കൗണ്‍സില്‍ യോഗം; കമ്പോളത്തിന്റെ കുത്തകവത്ക്കരണത്തിനെതിരെയും ചെറുകിട മേഖലയ്ക്ക് അനുകൂലമായ വിഷയങ്ങളിലും തീരുമാനമായി
Kerala News
ജി.എസ്.ടി കൗണ്‍സില്‍ യോഗം; കമ്പോളത്തിന്റെ കുത്തകവത്ക്കരണത്തിനെതിരെയും ചെറുകിട മേഖലയ്ക്ക് അനുകൂലമായ വിഷയങ്ങളിലും തീരുമാനമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2024, 8:13 pm

ജയ്‌സല്‍മീര്‍: 55ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം രാജസ്ഥാനിലെ ജയ്സല്‍മീറില്‍ ഇന്ന് നടന്നു. വ്യാപാരമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന പല തീരുമാനങ്ങളും എടുക്കുന്നതോടൊപ്പം ചെറുകിട മേഖലയെ സഹായിക്കുന്നതും കമ്പോളത്തിന്റെ കുത്തകവല്‍ക്കരണം തടയുന്നതിനും ആവശ്യമായ തീരുമാനങ്ങളുമെടുക്കാന്‍ കഴിഞ്ഞതായി സംസ്ഥാന ധനകാര്യ വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമായ ഐ.ജി.എസ്.ടി മേഖലയിലെ കൃത്യത ഉറപ്പ് വരുത്തലില്‍ വ്യക്തത വരുത്താനും യോഗത്തില്‍ തീരുമാനമായതായും ധനകാര്യ വകുപ്പ് അറിയിച്ചു. അതിലേക്കുള്ള ഒരു പ്രധാന നടപടിയായി ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ നല്‍കുമ്പോള്‍ കൃത്യമായി ഏത് സംസ്ഥാനത്ത് ഉള്ള വ്യക്തിക്കാണ് സേവനം നല്‍കുന്നതെന്ന് ബില്ലില്‍ രേഖപ്പെടുത്തണമെന്ന് വ്യക്തത വരുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

നിലവില്‍ അന്തര്‍ സംസ്ഥാന ഇടപാടുകളില്‍ പല വ്യക്തികളും എവിടേയ്ക്കാണ് സേവനം നല്‍കിയതെന്ന് രേഖപ്പെടുത്താത്തതിനാല്‍ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഈ മാറ്റത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനകാര്യ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

‘രജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യക്തികള്‍ ബിസിനസുകള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയാല്‍ വാടകയ്‌ക്കെടുത്ത വ്യാപാരി റിവേഴ്സ് ചാര്‍ജ്ജ് അടിസ്ഥാനത്തില്‍ വാടകയിന്മേലുള്ള ജി.എസ്.ടി അടയ്ക്കണമെന്ന് കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. എന്നാലിങ്ങനെ അടയ്ക്കുന്ന നികുതിയുടെ ക്രെഡിറ്റ് എടുക്കാന്‍ സാധിക്കാത്ത കോമ്പൊസിഷന്‍ സ്‌കീമിലുള്ള വ്യാപാരികള്‍ക്ക് ഇതൊരു അധിക ബാധ്യത ആയി മാറി. കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടകയ്ക്കുമേലുള്ള റിവേഴ്സ് ചാര്‍ജ്ജ് നികുതി ബാധ്യതയില്‍ നിന്നും ഒഴിവാക്കാന്‍, ഇത്തവണത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്,’ ധനകാര്യ വകുപ്പ് പറഞ്ഞു.

വലിയ തോതിലുള്ള മുറിവാടകയുള്ള ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നികുതി നിരക്കിന്റെ കാര്യത്തിലും, പ്രത്യേകതരം ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ കാര്യത്തിലും, ജി.എസ്.ടി റിട്ടേണുകളിലെ ലേറ്റ് ഫീസിന്റെ കാര്യത്തിലും ഇത്തവണത്തെ കൗണ്‍സില്‍ യോഗം ഇടപെട്ടിട്ടുണ്ട്.

ഐ.ജി.എസ്.ടി സെറ്റില്‍മെന്റ് കൃത്യമാക്കണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് ജി.എസ്.ടി കൗണ്‍സില്‍ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി ഐ.ജി.എസ്.ടി സെറ്റില്‍മെന്റ് സംബന്ധിച്ച വിവിധ വശങ്ങള്‍ പരിശോധിക്കുകയും സെറ്റില്‍മെന്റ് കൂടുതല്‍ കൃത്യമാക്കുന്നതിന് നല്ല നിര്‍ദേശങ്ങള്‍ നല്‍കുകയുമുണ്ടായി. ഇത്തരം പരിശോധന തുടര്‍ന്നും നടത്തി ഈ മേഖലയില്‍ കൃത്യത ഉറപ്പ് വരുത്തുന്നത് സംസ്ഥാന ഖജനാവിന് കരുത്തേകുമെന്നും വകുപ്പ് പറഞ്ഞു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ജി.എസ്.ടി വന്നതിനു ശേഷമുള്ള സംസ്ഥാനങ്ങളുടെ പരിമിതമായ നികുതി അധികാരങ്ങളെ ചോര്‍ത്തുന്ന ഒരു നടപടിയും കേരളത്തിനു സ്വീകാര്യമല്ല എന്നു ശക്തമായി വാദിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

2018ലെ വെള്ളപ്പൊക്കം ദുരിതാശ്വാസത്തിനായി ഫ്‌ളഡ് സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ഇതിന് സമാനമായി സെസ് പിരിവ് നടത്താന്‍ ആന്ധ്രാ പ്രദേശ്, കൗണ്‍സിലും അനുമതി ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ കേരളം പിന്താങ്ങുകയും ചെയ്തു.

അതത് സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ കൃത്യമായി അറിയാവുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ വിഭവസമാഹരണം നടത്തുന്നതിന് പൊതുവില്‍ അനുവാദം കൊടുക്കണം എന്ന നിലപാടാണ് ഇക്കാര്യത്തില്‍ കേരളം സ്വീകരിച്ചതെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

Content Highlight: GST A decision was made against monopolization of the market and in favor of the small sector