national news
മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്ക് ഹിന്ദുപേര് നല്‍കിയതിന് ലൈസന്‍സ് റദ്ദാക്കി ജി.എസ്.ആര്‍.ടി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 27, 07:14 am
Monday, 27th January 2025, 12:44 pm

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുസ്‌ലിം ഉടമസ്ഥതയിലും ഹിന്ദു പേരിലുമുള്ള ഹോട്ടലുകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഗുജറാത്ത് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് സംസ്ഥാനത്തെ 27ഓളം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയത്.

ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകളില്‍ ഇനു മുതല്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബസുകള്‍ നിര്‍ത്തില്ലെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ഹിന്ദു പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ഉടമസ്ഥര്‍ മുസ്‌ലിം വിഭാഗത്തില്‍ പെടുന്നവരുടേതാണെന്ന സംശത്തെ തുടര്‍ന്നുണ്ടായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്കെത്തിയത്.

ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട്, അഹമ്മദാബാദ്, മെഹ്‌സന, ഭുജ്, സൂറത്ത് തുടങ്ങിയ ഡിവിഷനുകളിലുള്ള ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഹോട്ടല്‍ ശിവശക്തി, തുളസി, മാരുതി തുടങ്ങി ജി.എസ്.ആര്‍.സി ഉപയോക്താക്കള്‍ സ്ഥിരമായി പോകുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെ 27 ഹോട്ടലുകളും റദ്ദാക്കിയ ഹോട്ടലുകളില്‍ ഉള്‍പ്പെടുന്നു.

മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കുന്നത് ആളുകളില്‍ തെറ്റിധാരണയുണ്ടാക്കുന്നുവെന്നും ഹിന്ദുക്കള്‍ നടത്തുന്ന ബിസിനസുകളെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളില്‍ തെറ്റായി ധരിക്കാനിടവരുമെന്നും ഇത് പ്രത്യേകിച്ചും സ്റ്റേറ്റ് ബസുകളില്‍ യാത്ര ചെയ്യുന്നവരെയാണ് ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേര് മാറ്റിയുള്ള പ്രവര്‍ത്തനം വ്യാപിച്ചതായും പിന്നാലെ വിഷയം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത് വഴി ആളുകള്‍ ആശങ്ക ഉന്നയിച്ചുവെന്നും പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നുമാണ് സര്‍ക്കാര്‍ അധികൃതരുടെ വാദം.

മുസ്‌ലിം കുടുംബം നടത്തുന്ന ഹോട്ടലുകള്‍ക്ക് തുളസി എന്നുള്ള പേരുകളിട്ടുവെന്നും യാത്രക്കാരായ ഹിന്ദുക്കള്‍ക്ക് അനുകൂലമായ പ്രതിച്ഛായ ഉണ്ടാക്കി ബിസിനസ് നടത്തുകയാണ് ഉ
മസ്ഥര്‍ ചെയ്യുന്നതെന്നും ഇത് തെറ്റിധാരണയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ വാദിക്കുന്നു.

ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമപ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലെ ഉപയോക്താക്കളും ആവശ്യപ്പെട്ടുവെന്നും പിന്നാലെ നടപടിയെടുത്തുവെന്നും ഇത്തരത്തിലുള്ള ഹോട്ടലുകളുടെ ലിസ്‌റ്റെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: GSRTC cancels license of Muslim-owned hotels for giving them Hindu name