ന്യൂദല്‍ഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജി-സാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജി-സാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്.
ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണ നിയലത്തില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു വിക്ഷേപണം.ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുകയാണ് ജി-സാറ്റ് 11 ലക്ഷ്യം. 5845 കിലോഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രംഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തരാകലാണ് ജി-സാറ്റ് 11 ന്റെ ലക്ഷ്യം.
15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ചെലവ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയില്‍ ഉള്‍പ്പെട്ട ജി-സാറ്റ് 19, 29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു.