| Friday, 22nd October 2010, 4:40 pm

അയ്യപ്പനില്‍നിന്നും രക്ഷപ്പെടാന്‍ ഇനി നമുക്കാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജി .എസ്. ശുഭ

ഒരിക്കലെങ്കിലും അടുത്തുകണ്ടവര്‍ക്കെല്ലാം സ്വന്തമാണ് കവി ഏ അയ്യപ്പന്‍ .
പൊതു സ്ഥലത്തുവെച് അയ്യപ്പനില്‍ നിന്നും  രക്ഷപ്പെട്ട ഒരു കഥ യെങ്കിലും
അവര്‍ക്കും പറയാനുണ്ടാകും .

അളക്കാനാവാത്ത സ്നേഹവും പ്രണയവും കലഹവും തെറികളുമായി
അലഞ്ഞെത്തി , കവിയെ കണ്‍കെട്ടിലൂടെ  മറച്ചു പിടിച്ച് കവിത മാത്രമായി ,
മുഷിഞ്ഞ ബാഗിലെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ കീറകടലാസിനടിയിലേക്കും
നൂറു രൂപ നോട്ടുകള്‍ ഷര്‍ട്ടിന്റെ മടക്കുകളിലെക്കും ഒളിച്ചു വെച്ച് ,
സദാ കൂടെ നടക്കുന്ന സകല അസുഖങ്ങളോടും ഒരു പൊട്ടന്‍ ചിരി ചിരിച്ച്
പത്തു രൂപക്കോ , ഒരു പിടി ചോറിനോ , ഒരിറ്റു സ്നേഹത്തിനോ യാചിച്
ഇനിയാരും മുന്നിലെത്തില്ല …

ചിണുങ്ങി പിണങ്ങി മാന്തി പറിച് പൊടുന്നനെ എന്തും പറയുന്ന ,എന്തും ചെയ്യുന്ന ഏറ്റവും
അപകടകാരിയായ  പച്ച മനുഷ്യനെ ഇനിയാരും ഭയപ്പെടെണ്ടതില്ല …

പക്ഷേ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആട്ടി പുറത്താക്കുകയോ
തിരിച്ചു വിളിക്കുകയോ ചെയ്യാവുന്ന അയ്യപ്പേട്ടനില്‍  നിന്നോ അടുക്കു തെറ്റി
അസഹാനീയമാകുന്ന ആ സ്നേഹത്തില്‍ നിന്നോ
ഇനിയാര്‍ക്കും സ്വയം രക്ഷപ്പെടാനാവില്ല !!

We use cookies to give you the best possible experience. Learn more