'ഇതൊന്നും മോദിയുടെ വെറും അബദ്ധങ്ങളല്ല, കൃത്യമായ അജണ്ടയാണ് '; മോദിയുടെ 'പച്ചക്കള്ളങ്ങള്‍' ചാനല്‍ ചര്‍ച്ചയില്‍ അക്കമിട്ട് നിരത്തി ജി.എസ് പ്രദീപ്
D' Election 2019
'ഇതൊന്നും മോദിയുടെ വെറും അബദ്ധങ്ങളല്ല, കൃത്യമായ അജണ്ടയാണ് '; മോദിയുടെ 'പച്ചക്കള്ളങ്ങള്‍' ചാനല്‍ ചര്‍ച്ചയില്‍ അക്കമിട്ട് നിരത്തി ജി.എസ് പ്രദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 12:36 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ അബദ്ധത്തില്‍ പറയുകയല്ല പകരം സംഘപരിവാറിനു യാതൊരു പങ്കുമില്ലാത്ത ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി പുനര്‍ നിര്‍മ്മിക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജി.എസ് പ്രദീപ്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ മോദി നടത്തിയ സത്യ വിരുദ്ധമായ അനവധി പ്രസ്താവനകള്‍ അക്കമിട്ട് നിരത്തിയായിരുന്നു ജി. എസ് പ്രദീപ് രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ചോദ്യങ്ങള്‍ മുന്‍കൂട്ടി പറയാത്തതുകൊണ്ട് സംഭവിച്ചുപോകുന്ന തെറ്റുകളാണെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നതെന്നും എന്നാല്‍ മോദിയുടെ പ്രസ്താവനകളൊന്നും നിസാരമായി കാണേണ്ടതല്ലെന്നും അവ ബോധപൂര്‍വമായ
കള്ളത്തരങ്ങളാണെന്നും ജി.എസ് പ്രദീപ് ചൂണ്ടിക്കാട്ടുന്നു.

മോദി നടത്തുന്ന ഓരോ പ്രസ്താവനകളും അബദ്ധത്തില്‍ സംഭവിച്ചുപോകുന്ന തെറ്റുകള്‍ അല്ലെന്നു കാണിക്കാനായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി നടത്തിയ സത്യ വിരുദ്ധമായ നിരവധി പ്രസ്താവനകള്‍ ചാനല്‍ ചര്‍ച്ചയില്‍ ജി.എസ് പ്രദീപ് അക്കമിട്ട് നിരത്തിയത്.

” ശ്യാമപ്രസാദ് മുഖര്‍ജി, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവ്, നരേന്ദ്രമോദിയുടെ ഏറ്റവും ആരാധ്യനായ പുരുഷന്‍. അദ്ദേഹത്തെ കുറിച്ച് നരേന്ദ്ര മോദി പ്രസംഗിച്ചു. 1930 ല്‍ മരിച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഏറ്റവും വലിയ ആഗ്രഹം തന്റെ ചിതാഭസ്മം ഇന്ത്യയില്‍ കൊണ്ടുവരണമെന്നതായിരുന്നു എന്നാല്‍ നെഹ്‌റു അതിന് സമ്മതിച്ചില്ല. ഒടുവില്‍ 2000 ത്തിന് ശേഷം ഞാനാണ് അതിന് മുന്‍കൈ എടുത്ത് കൊണ്ടുവന്നത് എന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ ശ്യാമപ്രസാദ് മുഖര്‍ജി മരിച്ചത് 1953 ജൂണ്‍ മാസത്തിലാണ്. അതിന് ശേഷം നരേന്ദ്ര മോദി പറഞ്ഞു എനിക്ക് മാറിപ്പോയതാണ് ശ്യാം വര്‍മയുമായി തിരിഞ്ഞുപോയതാണ് എന്ന്, ഏത് സ്വന്തം പാര്‍ട്ടിയുടെ ജനസംഘത്തിന്റെ സ്ഥാപക നേതാവിനെ കുറിച്ചുള്ള പ്രാധമിക അറിവില്‍ അബദ്ധം പറ്റിപ്പോയ ആളാണ് മോദി- ഒന്ന്.

രണ്ടാമത്തേത്, കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പറഞ്ഞു ഭഗത് സിങ് അടക്കമുള്ള ആളുകളെ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ആരും തയ്യാറായില്ലെന്ന്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ പോകുകയും ലാഹോര്‍ ജയിലില്‍ ഭഗത് സിങ്ങിനേയും ജതിന്‍ ദാസിനേയും കാണുകയും തുടര്‍ന്നുണ്ടായ ഏറെ വികാരനിര്‍ഭരമായ അനുഭവം ആ കാലഘട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുകയും അതിനെ തുടര്‍ന്ന് വളരെ വലിയ ചര്‍ച്ച ഭാരതമെമ്പാടും ഉണ്ടാവുകയും ഇന്ത്യന്‍ യുവത്വത്തിന്റേയും ഇന്ത്യന്‍ സ്വാതന്ത്ര്യദായികളുടേയും ഹൃദയത്തില്‍ ഉണ്ടാവുകയും ചെയ്തു- വസ്തുതരമായ തെറ്റ്.

അടുത്തത് ദല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞത് ഇന്ത്യയിലെ മെട്രോ റെയിലില്‍ ആദ്യമായി സഞ്ചരിച്ചത് അടല്‍ ബിഹാരി വാജ്‌പേയി ആണെന്ന്. തെറ്റ്, നുണ പച്ചനുണ. കാരണം ദല്‍ഹി മെട്രോ ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ മാത്രമാണ്. അതിന് മുന്‍പ് കല്‍ക്കത്തയിലെ മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി ഇന്ദിരാ ഗാന്ധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചരിച്ചതിനെ പൂര്‍ണമായി അപനിര്‍മിച്ചുകൊണ്ട് അതായത് നുണകള്‍കൊണ്ട് ചരിത്രത്തിനേയും വസ്തുതാപരമായ സത്യത്തിനേയും അപനിര്‍മിക്കുവാനുള്ള ശ്രമം മോദി നടത്തി..

നാലാമത്തേത് ഡി.ബി.ടി. ഡയരക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആരംഭിച്ചത് താനാണെന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോദി പറഞ്ഞു. തെറ്റ്. 2013 ലാണ് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഡി.ബി.ടി. ഡയരക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ കര്‍ണാടകത്തില്‍ തന്നെ ആരംഭിക്കുന്നത്.

അടുത്തത് യു.പിയില്‍ മുലായം സിങ് യാദവ് ഭരിച്ചിരുന്ന സമയത്ത് സമാജ് വാദി പാര്‍ട്ടിക്കെതിരെ ഇദ്ദേഹം പറഞ്ഞ ഏറ്റവും വലിയ മുദ്രാവാക്യം അവിടുത്ത താരതമ്യേന നിരക്ഷരരെന്ന് വിശേഷിപ്പിക്കാവുന്ന ജനവിഭാഗത്തെ പാട്ടിലാക്കാന്‍ പറഞ്ഞത് ദീപാവലിക്ക് കറണ്ട് കുറവും ഈദിന് കറണ്ട് കൂടുതലും കൊടുത്തു എന്നും പക്ഷപാതിത്വം കാണിച്ച് ദീപാവലിയെ ഇരുട്ടിലാക്കിയെന്നുമാണ്. ആ വര്‍ഷത്തെ കണക്ക് ഈദിന് 13550 മെഗാവാട്ട് കിട്ടിയപ്പോള്‍ ദീപാവലിക്ക് കിട്ടിയത് 15400 ആണ്. ആവശ്യത്തിലധികം വോള്‍ട്ട് ദീപാവലിക്കാണ് ആ വര്‍ഷം കൊടുത്തത്.

ഇതെല്ലാം പോകട്ടെ 1947 ല്‍ ഇന്ത്യന്‍ രൂപയും യു.എസ് ഡോളറും തുല്യമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 30 സെന്റാണ് അന്ന് ഇന്ത്യന്‍ രൂപയുടെ താരതമ്യമായ വില.

മറ്റൊന്ന് അലക്‌സാണ്ടര്‍ തക്ഷശില ആക്രമിച്ചു എന്നു പറഞ്ഞു. ബീഹാറിലാണ് തക്ഷശില എന്നും അദ്ദേഹം പറയുന്നു. ബീഹാറുമായി ഒരു സാമ്യവുമില്ലാത്ത പാക്കിസ്ഥാനിലാണ് തക്ഷശില. ഇതെല്ലാം അബദ്ധത്തില്‍ സംഭവിക്കാം. –

എന്നാല്‍ എന്റെ സംശയം 1948 ലെ ഇന്തോ പാക് യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല്‍ തിമ്മയ്യയെ ജവഹര്‍ലാല്‍ നെഹ്‌റു ക്രൂരമായി അധിക്ഷേപിച്ചു എന്നും അതില്‍ തിമ്മയയ്ക്ക് മനംനൊന്തു എന്നുമായിരുന്നു കര്‍ണാടകത്തില്‍ പോയി നരേന്ദ്രമോദി പ്രസംഗിച്ചത്. അത് അബദ്ധമാണോ? അന്ന് തിമ്മയയല്ല കരസേനാ മേധാവി. അന്ന് റോയ്ബിച്ചറാണ് കരസേനാ മേധാവി.

രാജ്യരക്ഷാമന്ത്രി വി.കെ കൃഷ്ണമേനോനും നെഹ്‌റുവിനൊപ്പം നിന്നുവെന്ന് മോദി പറഞ്ഞു. അന്ന് രാജ്യരക്ഷാമന്ത്രി കൃഷ്ണമേനോനല്ല. അന്ന് രാജ്യരക്ഷാ മന്ത്രി ബെല്‍ബെന്ത് സിങ്ങാണ്. മാത്രമല്ല ജവഹര്‍ലാല്‍ നെഹ്‌റു തിമ്മയ്യക്ക് പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ വസ്തുതമായി ഒരു പുലബന്ധം പോലുമില്ലാത്ത പച്ചക്കള്ളങ്ങള്‍ ക്രിയേറ്റ് ചെയ്യുന്നതാണ് അബദ്ധമാണ് എന്ന് പറയുന്നത്.

2011 ല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് മോദി പറഞ്ഞത് 450 ബില്യണ്‍ യു.എസ് ഡോളറിന്റെ എം.ഒ.യുകള്‍ താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറത്തില്‍ ഉണ്ടായി എന്നാണ്.

ആ വര്‍ഷം ഇന്ത്യയില്‍ ആകെ സൃഷ്ടിക്കപ്പെട്ട എം.ഒ.യുകള്‍ 35.8 ബില്യണ്‍ യു.എസ് ഡോളേഴ്‌സിന്റേതാണ്. രാജ്യത്തിന്റെ മൊത്തം എം.ഒ.യുകള്‍ 35.8 ബില്യണ്‍ യു.എസ് ഡോളേഴ്‌സ് ആയിരിക്കുമ്പോള്‍ എന്റെ സംസ്ഥാനത്ത് മാത്രം 450 ബില്യണ്‍ യു.എസ് ഡോളറിന്റെ എം.ഒ.യുകള്‍ ഉണ്ട് എന്ന് മോദി പറഞ്ഞത് കള്ളമാണോ തെറ്റാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും ജി.എസ് പ്രദീപ് പറഞ്ഞു.

ഇതോടെ ഒരു മണിക്കൂര്‍ മാത്രമാണ് ചര്‍ച്ചയെന്നും മോദിയുടെ കള്ളങ്ങള്‍ നിരത്താന്‍ അതുമതിയാവില്ലെന്നും പറഞ്ഞ് അവതാരകന്‍ അഭിലാഷ് ഇടപെടുകയും ചെയ്തു.