| Sunday, 16th June 2024, 11:48 am

വകതിരിവില്ലാതെ മൈക്കുമായി പായുന്ന മീഡിയ; ഗ്ര്‍ര്‍ര്‍ തുറന്നു കാട്ടുന്ന മാധ്യമപ്രവര്‍ത്തനം

വി. ജസ്‌ന

ഇന്ന് ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും നമ്മള്‍ അറിയുന്നത് മീഡിയയിലൂടെയാണ്. ഓരോ നിമിഷവും ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ ചാനലുകളിലൂടെയും മറ്റ് ഓണ്‍ലൈന്‍ മീഡിയകളിലൂടെയും അപ്പപ്പോള്‍ തന്നെ നമുക്ക് മുന്നില്‍ എത്തുന്നുണ്ട്.

പണ്ട് പത്രങ്ങളിലൂടെ മാത്രം നാട്ടിലെ വാര്‍ത്തകള്‍ അറിയുന്ന കാലത്തില്‍ നിന്നാണ് ലൈവായി ഓരോ കാര്യങ്ങളും അറിയാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറ്റങ്ങള്‍ ഉണ്ടായത്. ഇത് ഒരു പോസിറ്റീവായ മാറ്റമാണെന്ന് പറയാം. എന്നാല്‍ ഇതിനൊപ്പം തന്നെ മീഡിയയുടെ റിപ്പോര്‍ട്ടിങ്ങ് രീതികളും മാറിയിട്ടുണ്ട്.

എല്ലാം ലൈവായി ആളുകളിലേക്ക് എത്തിക്കാമെന്ന സാഹചര്യം വന്നതോടെ മീഡിയ എക്‌സ്‌ക്ലൂസീവിനായുള്ള നെട്ടോട്ടമാണ്. ഇതിനിടയില്‍ ക്യാമറയും മൈക്കും എവിടെയും കൊണ്ടുവെക്കാമെന്നും വകതിരിവില്ലാതെ എന്തും ചോദിക്കാമെന്നുമുള്ള ധാരണയാണ് പലര്‍ക്കും. മീഡിയയുടെ ഈ പ്രവര്‍ത്തി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഈ വകതിരിവില്ലാഴ്മ വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.

ഒരു ദുരന്തമുണ്ടാകുമ്പോള്‍ ഇന്നത്തെ മീഡിയ എങ്ങനെയാണ് ഇടപ്പെടുന്നതെന്ന് പല സിനിമകളിലും ചിത്രീകരിക്കാറുണ്ട്. അത്തരത്തില്‍ മീഡിയയുടെ ഇടപ്പെടലുകള്‍ കാണിച്ചു തന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍.

റെജിമോന്‍ എന്ന യുവാവിന് പ്രണയത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാകുകയും അയാള്‍ മദ്യപിച്ച് മൃഗശാലയിലെ സിംഹകൂട്ടിലേക്ക് എടുത്തു ചാടുകയും ചെയ്യുന്നതാണ് സിനിമ പറയുന്നത്. അവിടെ ജോലി ചെയ്യുന്ന ഹരിദാസ് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിംഹക്കൂട്ടില്‍ പെട്ടു പോകുകയാണ്.

നര്‍മത്തിലൂടെ ഈ കഥ പറഞ്ഞു വയ്ക്കുന്ന സിനിമ നമുക്ക് ചുറ്റും നടക്കുന്ന പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇത്തരം ഒരു സംഭവം നടക്കുമ്പോള്‍ മീഡിയ എങ്ങനെയാകും ഇടപ്പെടുന്നതെന്നും സിനിമ പറയുന്നുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും മറ്റുള്ളവരും സിംഹക്കൂട്ടില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മീഡിയ ഇതുവഴി എങ്ങനെ തങ്ങളുടെ ടി.ആര്‍.പി ഉയര്‍ത്താമെന്നാണ് നോക്കുന്നത്.

ഒരു സംസ്ഥാനം മുഴുവന്‍ റെജിയും ഹരിദാസും എങ്ങനെ ഈ സിംഹക്കൂട്ടില്‍ നിന്ന് രക്ഷപ്പെടുമെന്ന് ഉറ്റുനോക്കുകയാണ്. ആ സമയം പ്രഹ്‌ളാദന്‍ എന്ന റിപ്പോര്‍ട്ടര്‍ റെജിയുടെ സുഹൃത്തിന് മുന്നില്‍ മൈക്കുമായി പോകുന്നതും തന്നോട് പറഞ്ഞ കാര്യങ്ങള്‍ മറ്റു മീഡിയകളോട് പറയരുതെന്ന് ആവശ്യപ്പെടുന്നതും കാണാം.

ചിത്രത്തില്‍ എക്‌സ്‌ക്ലൂസീവിനായി ഓടുന്ന പ്രഹ്‌ളാദനും അശ്വിനിയെന്ന റിപ്പോര്‍ട്ടറും ഇന്നത്തെ മീഡിയയുടെ പ്രതിനിധികളാണ്. പ്രഹ്‌ളാദനെ മീഡിയയുടെ ഓഫീസില്‍ നിന്ന് വിളിച്ച് എക്‌സ്‌ക്ലൂസീവ് ന്യൂസ് വേണമെന്നും ചാനല്‍ കാണുന്നവര്‍ക്ക് തങ്ങളാണ് സിംഹക്കൂട്ടിലെന്ന് തോന്നണമെന്ന് പറയുന്നതും കാണാം.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഇടയില്‍ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തോട് ശബ്ദമുണ്ടാക്കാതെയിരിക്കാന്‍ പറയുമ്പോള്‍ അവിടെയും ക്യാമറയും മൈക്കുമായി വന്ന് ഉറക്കെ റിപ്പോര്‍ട്ട് ചെയ്യുകയാണ് മീഡിയ. റെജിയെയും ഹരിദാസിനെയും സിംഹക്കൂട്ടില്‍ നിന്ന് രക്ഷിച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ശേഷം മാത്രമാണ് മീഡിയ അവിടുന്ന് പോകുന്നത്.

അപ്പോഴും പ്രഹ്‌ളാദനോട് റിപ്പോര്‍ട്ടിങ്ങിനായി ഹോസ്പിറ്ററിലേക്ക് പോകാനാണ് ഓഫീസില്‍ നിന്ന് വിളിച്ച് പറയുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതാണ് നമ്മുടെ പണിയെന്ന് പറയുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെയും കാണാം.

സിനിമ കാണുന്ന ഓരോരുത്തര്‍ക്കും ഇത് ഏറെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത് തന്നെയാണ്. ഈയിടെ ആറു വയസുക്കാരിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ മീഡിയ നടത്തിയ ഇടപ്പെടലുകള്‍ നമ്മള്‍ കണ്ടതാണ്. കുട്ടിയെ കണ്ടെത്താന്‍ മീഡിയയുടെ ഇടപ്പെടല്‍ സഹായിച്ചുവെന്ന് പലരും പറയുന്നുണ്ടെങ്കിലും അന്ന് തളര്‍ന്നിരിക്കുന്ന അമ്മയുടെ മുന്നില്‍ മൈക്കുമായി ചെന്നത് ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കാത്തത് തന്നെയാണ്.

പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് നില്‍ക്കുന്നവരുടെ വീട്ടിലേക്ക് മൈക്കും ക്യാമറയുമായി കയറി ചെന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കാത്തവരാണ് ഇന്നത്തെ മീഡിയ. അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങള്‍ പറഞ്ഞുണ്ടാക്കാനും മീഡിയകള്‍ മറക്കാറില്ല. സിനിമയില്‍ റെജിയെ പിന്നീട് കാണാതെയാകുമ്പോള്‍ ‘പ്രണയപകയും ജാതികൊലയും’ എന്ന് പറഞ്ഞാണ് മീഡിയ ഇതിനെ ആഘോഷിക്കുന്നത്.

ഒരു നര്‍മം നിറഞ്ഞ കഥയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മാധ്യമങ്ങളുടെ ഈ വിവേകമില്ലാത്ത പ്രവര്‍ത്തിയെ ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. റെജിയായി കുഞ്ചാക്കോ ബോബനും ഹരിദാസായി സുരാജ് വെഞ്ഞാറമൂടുമെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് നായകനായ ‘എസ്ര’യൊരുക്കിയ ജയ് കെ. ആണ്.


Content Highlight: Grrr Movie About Media Interference

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more